ഫോണ്‍ ഉപയോഗിക്കാതെ എവിടെയെങ്കിലും വെച്ചാലും അത് നമ്മുടെ സംസാരം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കാത്ത കാര്യമാണ്. എന്നാല്‍ നിങ്ങളുടെ ഫോണ്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ അതു വിശ്വസിക്കാമെന്നാണ് പുതിയ പഠനം പറയുന്നത്.
ഒരിക്കലും സെര്‍ച്ച് ചെയ്തിട്ടില്ലാത്ത ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ തങ്ങളെ തേടി എത്തിയതോടെ ഓസ്‌ട്രേലിയക്കാരില്‍ മൂന്നിലൊരാള്‍ തങ്ങളുടെ ഫോണ്‍ തങ്ങള്‍ സംസാരിച്ച കാര്യം കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഉല്‍പന്നങ്ങളെ കുറിച്ച് വീട്ടില്‍ വെച്ച് സംസാരിച്ചതല്ലാതെ അവയുടെ വിലയെ കുറിച്ചോ എവിടെ ലഭിക്കുമെന്നതിനെ കുറിച്ചോ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിട്ടില്ല. ഓണ്‍ലൈനില്‍ നമ്മള്‍ സെര്‍ച്ച് ചെയ്ത ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ നമ്മളെ തേടി എത്തുന്നത് മനസ്സിലാക്കാം. എന്നാല്‍ ഒരിക്കലും സെര്‍ച്ച് ചെയ്തിട്ടില്ലാത്ത ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ വരുന്നത് മൂലക്കിരുന്ന ഫോണ്‍ നമ്മുടെ സംസാരം പിടിച്ചെടുത്തതു കൊണ്ടാണ്. ഇതോടെയാണ് ഫോണുകള്‍ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയക്കാര്‍ ഭയപ്പെട്ടു തുടങ്ങിയത്.
അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ പ്രതികരിച്ചവരില്‍ 37 ശതമാനം പേര്‍ തങ്ങള്‍ ടെലിവിഷനില്‍ കാണുകയോ സംഭാഷണങ്ങളില്‍ പരാമര്‍ശിക്കുകയോ ചെയ്ത ഇനങ്ങളുടെ പരസ്യങ്ങള്‍ തങ്ങളെ തേടി എത്തിയതായി സ്ഥിരീകരിച്ചു, അള്‍ട്രാസോണിക് ക്രോസ് ഡിവൈസ് ട്രാക്കിംഗാണ് ഇതിനു പിന്നിലെന്ന് ഡിജിറ്റല്‍ സ്വകാര്യതാ വിദഗ്ധന്‍ പറയുന്നു.
സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്ക് ശബ്ദം പിടിച്ചെടുക്കാനും എന്‍കോഡ് ചെയ്ത ഡാറ്റ ഉപയോഗിച്ച് മാര്‍ക്കറ്റിംഗ് ടെക്‌നിക്കുകള്‍ക്ക് ഉപയോഗിക്കാനും കഴിയുമെന്ന് പറയുന്നു. ഇതാണ് സ്മാര്‍ട്ട് സാങ്കേതിക വിദ്യ പിന്തുടരുന്നുണ്ടെന്ന് ആളുകള്‍ക്ക് തോന്നാന്‍ കാരണം. നമ്മുടെ കൈയിലുള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്ന ശബ്ദം ഉപയോഗപ്പെടുത്തി വളരെ പുരോഗമിച്ചതും വിപുലവുമായ മാര്‍ക്കറ്റിംഗ് ടെക്‌നിക്കുകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഭൂരിഭാഗം ഉപയോക്താക്കളും അവരുടെ സ്മാര്‍ട്ട്‌ഫോണുകളിലും (77 ശതമാനം), കമ്പ്യൂട്ടറുകളിലും (50 ശതമാനം), അല്ലെങ്കില്‍ ടാബ്‌ലെറ്റുകളില്‍ (30 ശതമാനം) ഈ പരസ്യങ്ങള്‍ കാണാനിടയായി. സംസാരിച്ച വിഷയങ്ങളുമായുള്ള പരസ്യങ്ങളുടെ സാമ്യം തങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് സര്‍വേയില്‍ പ്രതികരിച്ച പത്തിലൊരാള്‍ പറയുന്നു.
ഈ സാങ്കേതികവിദ്യയില്‍നിന്ന് മറഞ്ഞുനില്‍ക്കാന്‍ ധാരാളം സ്ഥലങ്ങളൊന്നുമില്ല. നിങ്ങളുടെ ഫോണ്‍ ഇന്റര്‍നെറ്റില്‍ നിന്ന് വിച്ഛേദിച്ചാല്‍ പോലും ഈ സാങ്കേതിക വിദ്യക്ക് നിങ്ങളെ ട്രാക്ക് ചെയ്യാനാകും. നിങ്ങള്‍ ഓണ്‍ലൈനിലായിരിക്കുമ്പോള്‍ ടിവി ഷോകളിലും ഓണ്‍ലൈന്‍ വീഡിയോകളിലും വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും എല്ലാം നിങ്ങളെ ബന്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം. നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ പെരുമാറ്റവും ലൊക്കേഷനും ട്രാക്ക് ചെയ്യാം.
ലോകമെമ്പാടും നിരീക്ഷിക്കപ്പെട്ട പ്രതിഭാസമാണങ്കിലും യുകെയിലും കാനഡയിലും സര്‍വേയില്‍ പ്രതികരിച്ചവരില്‍ പകുതിയോളം പേര്‍ക്കും ഓസ്‌ട്രേലിയയില്‍ പ്രതകരിച്ച 65 ശതമാനം പേര്‍ക്കും തങ്ങളില്‍നിന്ന് ശേഖരിക്കുന്ന ഡാറ്റ നിയന്ത്രിക്കാന്‍ കഴിയുമെന്ന കാര്യം അറിയില്ല.
നിങ്ങള്‍ക്ക് ചുറ്റുമുള്ള ശബ്ദ ആവൃത്തികള്‍ പുറപ്പെടുവിക്കുന്ന അള്‍ട്രാസോണിക് ബീക്കണുകള്‍ തടയുക സാധ്യമല്ലെന്ന് നോര്‍ഡ് വിപിഎന്‍ ഡിജിറ്റല്‍ െ്രെപവസി വിദഗ്ധന്‍ അഡ്രിനസ് വാമന്‍ഹോവന്‍ പറഞ്ഞു.
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ബീക്കണുകള്‍ കേള്‍ക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പുകള്‍ക്ക് നിങ്ങള്‍ നല്‍കിയിരിക്കുന്ന അനാവശ്യ അനുമതികള്‍ നിയന്ത്രിക്കുക മാത്രമാണ്. ശേഖരിക്കപ്പെടുന്ന ഉപഭോക്തൃ ഡാറ്റ എങ്ങനെ സംരക്ഷിക്കപ്പെടുന്നുവെന്നതിനെ കുറിച്ച് സുതാര്യത ഇല്ലാത്തതിനാല്‍ നിലവിലെ രീതികള്‍ സ്വകാര്യത ലംഘിക്കുകയാണെന്ന് വാമന്‍ഹോവനെ പോലുള്ള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ക്രോസ് ഡിവൈസ് ട്രാക്കിംഗില്‍നിന്ന്
എങ്ങനെ സുരക്ഷിതാനാകാം
നിങ്ങളുടെ ഫോണില്‍നിന്ന് എടുക്കുന്ന ശബ്ദങ്ങള്‍ ടാര്‍ഗെറ്റ് ചെയ്യുന്ന പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ ചെയ്യാവുന്ന മൂന്ന് ലളിതമായ കാര്യങ്ങളുണ്ട്.
ഒന്നാമതായി, നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തല്‍ നിന്നുള്ള വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിന് ഒരു വെര്‍ച്വല്‍ െ്രെപവറ്റ് നെറ്റ്‌വര്‍ക്ക് (വി.പി.എന്‍) ഉപയോഗിക്കുക. ഇതോടെ നിങ്ങളുടെ ഐ.പി വിലാസം മറയ്ക്കപ്പെടുകയും ഐ.പി അടിസ്ഥാനമാക്കിയുള്ള ട്രാക്കിംഗ് തടയപ്പെടുകയും ചെയ്യും. സ്വകാര്യ ബ്രൗസര്‍ ഉപയോഗിക്കുന്നതാണ് പരിഗണിക്കാവുന്ന മറ്റൊരു കാര്യം. ഇതില്‍ സ്വകാര്യ ഡാറ്റ സേവ് ചെയ്യാതിരിക്കാനുള്ള ഓപ്ഷനുകളുണ്ട്. നിങ്ങളുടെ ഉപകരണങ്ങളുടെ സെറ്റിംഗ്‌സില്‍ ആപ്പുകള്‍ക്ക് നല്‍കിയ അനുമതികള്‍ ഒഴിവാക്കുകയാണ് ചെയ്യേണ്ട മറ്റൊരു പ്രധാന കാര്യം. കലണ്ടര്‍ പോലുള്ള ആപ്പുകള്‍ക്ക് നിങ്ങളുടെ മൈക്രോഫോണിലേക്ക് ആക്‌സസ് ആവശ്യമുണ്ടോ എന്ന കാര്യം പരിശോധിക്കുക.
ഐഫോണുകളില്‍ മൈക്രോഫോണ്‍ ആക്ടീവാകുമ്പോള്‍ ഫോണ്‍ സ്‌ക്രീനിന്റെ മുകളില്‍ ചെറിയ ഓറഞ്ച് ഐക്കണ്‍ ദൃശ്യമാകും. സാംസങ് ഫോണുകളില്‍ മൈക്രോഫോണ്‍ ആക്ടീവാകുമ്പോള്‍ ഫോണ്‍ സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്ത് ചെറിയ പച്ച ഐക്കണ്‍ ദൃശ്യമാകും.
പരീക്ഷണം നടത്തി നോക്കാം
ഒരു നല്ല വിഷയം തിരഞ്ഞെടുക്കുക. അത് നിങ്ങളുടെ വ്യക്തിത്വവുമായി ബന്ധപ്പെടാത്ത ഒന്നായിരിക്കണം. അതായത് ഇതിനു മുമ്പ് നിങ്ങള്‍ ഒരിക്കലും സംസാരിക്കാത്ത ഒന്നായിരിക്കണമെന്നര്‍ഥം. ഈ വിഷയത്തിനായി നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. അതായത് ഈ വിഷയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തിരയാന്‍ നിങ്ങളുടെ ഫോണോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിക്കരുത്. ചിന്തിക്കുക മാത്രം ചെയ്യുക. ഒരിക്കലും ഈ വിഷയം ഗൂഗിള്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുക.
സെര്‍ച്ച് എഞ്ചിനുകളെ പ്രവര്‍ത്തനക്ഷമമാക്കുന്ന കീവേഡുകളുടെ ഒരു പട്ടികയെ കുറിച്ച് ചിന്തിക്കുക. ഇതിനുശേഷം നിങ്ങളുടെ ഫോണിന് സമീപം വിഷയം ഉച്ചത്തില്‍ ചര്‍ച്ച ചെയ്യുക. മിനിറ്റുകളോളം നിങ്ങള്‍ക്ക് തനിച്ച് സംസാരിക്കുകയോ മറ്റാരെങ്കിലുമായി സംസാരിക്കുകയോ ചെയ്യാം. തുടര്‍ച്ചയായി കുറച്ച് ദിവസം അങ്ങനെ ചെയ്യുക. മറ്റൊരു തരത്തിലും നിങ്ങള്‍ വിഷയം തിരയുന്നില്ലെന്ന് ഉറപ്പാക്കണം. നിങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കുക എന്നതല്ലാതെ നിങ്ങളുടെ ഫോണിന് ഈ വിഷയവുമായി മറ്റൊരു ബന്ധവും പാടില്ല. അതായത് ഫോണ്‍ ഉപയോഗിച്ച് നിങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന വിഷയം ഗൂഗിള്‍ ചെയ്യരുത്.
നിങ്ങളുടെ സംസാരം ഫോണ്‍ കേള്‍ക്കുമെന്നും അതുവഴി വിഷയവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങളുടെ മുന്നില്‍ എത്തിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)