Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മനുഷ്യജീവനു ഭീഷണിയാകുന്ന കീടനാശിനികള്‍ നിരോധിക്കുന്നില്ല, കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം

ന്യൂദല്‍ഹി- മനുഷ്യജീവനു ഭീഷണിയാകുന്ന കീടനാശിനികളും രാസവസ്തുക്കളും നിരോധിക്കുന്നതില്‍ അലംഭാവം കാണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. കര്‍ഷക തൊഴിലാളികള്‍ക്കും കൃഷിയിടങ്ങളോടു ചേര്‍ന്നു താമസിക്കുന്നവര്‍ക്കും ഉപഭോക്താക്കളുടെയും ജീവന്‍ അപകടത്തിലാക്കുന്ന കീടനാശിനികളില്‍ മൂന്നെണ്ണം മാത്രം നിരോധിച്ചതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും കോടതി തേടി. വിഷയം പഠിക്കാനായി നിയോഗിച്ച രണ്ടു വിദഗ്ധ സമിതികള്‍ 27 കീടനാശിനികള്‍ നിരോധിക്കാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍, കേന്ദ്രം ഇവയില്‍ മൂന്നെണ്ണം മാത്രമാണ് നിരോധിച്ചത്. ഡോ. എസ്.കെ ഖുറാന, ഡോ. ടി.പി രാജേന്ദ്രന്‍ എന്നിവര്‍ അധ്യക്ഷത വഹിച്ച രണ്ടു വിദഗ്ധ സമിതികളുടെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
    കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. കേരളം, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഗുരതര പ്രത്യാഘാതമുള്ള കീടനാശിനികളുടെ ഉപയോഗം മൂലം പാരിസ്ഥിതിക വിനാശവും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ഷകരില്‍ ആത്മഹത്യ പ്രവണത വര്‍ധിക്കുന്നതിനു വരെ ഈ കീനാശിനികള്‍ കാരണമാകുന്നു., കാന്‍സര്‍, ഡിഎന്‍എ ഡാമേജ്, തലച്ചോറിന് ക്ഷയിക്കുന്നത്, നാഡീവ്യൂഹം തളര്‍ച്ച, പാര്‍ക്കിന്‍സണ്‍സ്, ജനന വൈകല്യങ്ങള്‍, പ്രതിരോധ വൈകല്യം, കുട്ടികളില്‍ ഉള്‍പ്പടെ മാനസിക വൈകല്യം എന്നിവയ്ക്കും ഈ കീടനാശിനികള്‍ കാരണമാകുന്നു എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
    എന്നാല്‍, കീടനാശിനികള്‍ നിരോധിക്കണം എന്ന ആവശ്യവുമായി അടിക്കടി കോടതി കയറിയിറങ്ങുന്ന പരാതിക്കാരന്റെ നടപടി ശരിയല്ലെന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജീത്ത് ബാനര്‍ജിയുടെ നിലപാട്. ഇത്തരം ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ തങ്ങള്‍ക്ക് ആവശ്യമില്ലാത്ത പല വസ്തുക്കളും നിരോധിക്കണം എന്നാവശ്യപ്പെട്ട് ആളുകള്‍ കോടതി കയറിയിറങ്ങുമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, പരാതിക്കാര്‍ക്ക് അനുകൂലമായാണ് ചീഫ് ജസ്റ്റീസ് ഇതിനോട് പ്രതികരിച്ചത്.
    കുട്ടികളില്‍ ഉള്‍പ്പടെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന 18 കീടനാശിനികള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് പരാതിക്കാര്‍ കോടതിയിലെത്തിയിരിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. പരാതിക്കാര്‍ പറയുന്നതനുസരിച്ച് 18 കീടനനാശിനികളും പല വികസിത രാജ്യങ്ങളിലും നിരോധിച്ചതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 27 കീടനാശിനികള്‍ ഗുരുതര ആഘാതമുണ്ടാക്കുന്നവയാണെന്ന് വിദഗ്ധ സമിതികള്‍ തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി.
    27 കീടനാശിനികള്‍ നിരോധിക്കുന്നതിനുള്ള ശിപാര്‍ശ പുനപരിശോധന കമ്മിറ്റി പഠിച്ച് കരട് വിജ്ഞാപനവും ഇറക്കിയതാണ്. എന്നാല്‍, കാലം ഏറെ കഴിഞ്ഞിട്ടും ഇതില്‍ മൂന്നെണ്ണം നിരോധിക്കാന്‍ മാത്രമേ സര്‍ക്കാര്‍ തയാറായിട്ടുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം ചീഫ് ജസ്റ്റീസ് ചോദിച്ചപ്പോള്‍ ഇതൊരു ശാസ്ത്രീയ നടപടിയാണെന്നും നടപടിക്രമങ്ങള്‍ നടന്നു വരികയാണെന്നുമായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ മറുപടി. തുടര്‍ന്നാണ് 27 കീടനാശിനികള്‍ നിരോധിക്കാന്‍ നിര്‍ദേശം ഉണ്ടായിട്ടും മൂന്നെണ്ണം മാത്രം നിരോധിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശിച്ചു. കേസ് വീണ്ടും ഏപ്രില്‍ 28നു പരിഗണിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News