ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ്; രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി

മുംബൈ- ആര്‍.എസ്.എസിനെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്രയിലെ ഭീവണ്ഡി കോടതി കുറ്റം ചുമത്തി. കോടതിയില്‍ നേരിട്ട് ഹാജരായ രാഹുല്‍ ഗാന്ധി കുറ്റം നിഷേധിച്ചുവെങ്കിലും ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 499,500 വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തുകയായിരുന്നു.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കുണ്ഡെ നല്‍കിയ അപകീര്‍ത്തി കേസിലാണ് നടപടി. ആര്‍.എസ്.എസുകാരാണ് ഗാന്ധിയെ വധിച്ചതിനു പിന്നെലെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു. ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന് നാഥുറാം ഗോഡ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ പറഞ്ഞിട്ടുണ്ടെന്നും ഇതിനെ അടിസ്ഥാനമാക്കിയാണ് രാഹുലിന്റെ പ്രസ്താവനയെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ബോധിപ്പിച്ചിരുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 
2014 ല്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഇന്ന് ഹാജരാകണമെന്ന് മേയ് രണ്ടിന് കോടതി ഉത്തരവിട്ടിരുന്നു.
ദ്വിദിന മഹാരാഷ്ട്ര സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് രാവിലെയാണ് മുംബൈയിലെത്തിയത്. കോണ്‍ഗ്രസ് പൊതുയോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നുണ്ട്.
 

Latest News