ന്യൂദല്‍ഹി- ദല്‍ഹി ജാമിഅ അക്രമക്കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ പോലീസ് നല്കിയ റിവിഷന്‍ ഹരജിയില്‍ ഷര്‍ജീല്‍ ഇമാം, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, സഫൂറ സര്‍ഗര്‍ എന്നിവരുള്‍പ്പെടെ 11 പ്രതികളില്‍ ഒമ്പത് പേര്‍ക്കെതിരെ ദല്‍ഹി ഹൈക്കോടതി കുറ്റം ചുമത്തി.
വിചാരണക്കോടതി ഫെബ്രുവരി നാലിന് പുറപ്പെടുവിച്ച ഉത്തരവില്‍ 11 പ്രതികളെയും വെറുതെവിട്ടിരുന്നു.
കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഒമ്പത് പ്രതികള്‍ക്കെതിരെ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ ചുമത്തിയിരിക്കുന്നത്.
അതേസമയം, മറ്റു കുറ്റങ്ങളില്‍ നിന്ന് കോടതി അവരെ ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്.
മുഹമ്മദ് കാസിം, മഹമൂദ് അന്‍വര്‍, ഷഹ്സര്‍ റാസ, ഉമൈര്‍ അഹമ്മദ്, മുഹമ്മദ് ബിലാല്‍ നദീം, ഷര്‍ജീല്‍ ഇമാം, ചന്ദാ യാദവ്, സഫൂറ സര്‍ഗര്‍ എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 143, 147, 149, 186, 353, 427 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി കുറ്റം ചുമത്തിയത്. പൊതു സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയല്‍ നിയമം.
മുഹമ്മദ് ശുഐബ്, മുഹമ്മദ് അബുസാര്‍ എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 143 പ്രകാരം കുറ്റം ചുമത്തിയെങ്കിലും മറ്റെല്ലാ വകുപ്പുകളില്‍ നിന്നും ഒഴിവാക്കി.
ആസിഫ് ഇഖ്ബാല്‍ തന്‍ഹയുടെ കേസില്‍, സെക്ഷന്‍ 308, 323, 341, 435 എന്നിവയില്‍ നിന്ന് ഒഴിവാക്കുകയും മറ്റ് വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തുകയും ചെയ്തു.
2019 ഡിസംബറിലാണ് ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ പോലീസും പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ഷര്‍ജീല്‍ ഇമാം, തന്‍ഹ, സര്‍ഗര്‍, അബുസര്‍, ഉമൈര്‍ അഹമ്മദ്, മുഹമ്മദ് ശുഐബ്, മഹ്മൂദ് അന്‍വര്‍, മുഹമ്മദ് കാസിം, മുഹമ്മദ് ബിലാല്‍ നദീം, ഷഹസര്‍ റാസാ ഖാന്, ചന്ദാ യാദവ് എന്നീ 11 പ്രതികളെയും ഫെബ്രുവരി നാലിന് വിചാരണ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, മുഹമ്മദ് ഇല്യാസിനെതിരെ നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.
പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ്
അഡീഷണല്‍ സെഷന്‍സ് ജഡ്ജി (എഎസ്ജെ) വര്‍മ പ്രതികളെ കുറ്റവിമുക് തരാക്കിയിരുന്നത്. കുറ്റകൃത്യം നടത്തിയതിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും ഇവരെ ബലിയാടാക്കിയെന്നുമായിരുന്നു ജഡ്ജിയുടെ വിമര്‍ശം.