മനില - ഫിലിപ്പീൻസിൽ ഇന്ത്യൻ ദമ്പതികൾ വെടിയേറ്റു മരിച്ചു. പഞ്ചാബ് സ്വദേശികളായ സുഖ്വിന്ദർ സിങ് (41), കിരൺദീപ് കൗർ(33) എന്നിവരെയാണ് താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി അജ്ഞാതരാണ് വെടിവെച്ചത്.
സംഭവത്തിൽ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു അജ്ഞാൻ വീട്ടിലേക്ക് കയറി വരികയും കിരൺ ദീപ് കൗറിനെ തോക്കിന്റെ മുനയിൽ നിർത്തി സുഖ് വിന്ദർ സിങിനെ വെടിവെക്കുന്നത് ദൃശ്യങ്ങളിൽ കാണാനാവും. സുഖ് വിന്ദർ സിങിനെ ഒന്നിൽ കൂടുതൽ തവണ വെടിവെക്കുന്നുണ്ട്. സുഖ് വിന്ദർ സിങിന്റെ ശരീരത്തിൽ നിരവധി തവണ വെടിയേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കൾ പ്രതികരിച്ചു.
രണ്ടു പതിറ്റാണ്ടോളമായി മനിലയിൽ ഫൈനാൻസ് ഇടപാടുകൾ നടത്തിവരികയാണ് സുഖ് വിന്ദർ സിങ്. സഹോദരൻ ലഖ്വീർ സിങും മനിലയിലാണ് താമസം. മൂന്നുവർഷം മുമ്പാണ് സുഖ്വിന്ദർ സിങ് വിവാഹിതനായത്. തുടർന്ന് അഞ്ചുമാസം മുമ്പാണ് ഭാര്യ കിരൺദീപ് കൗറിനെ മനിലയിലേക്ക് കൊണ്ടുവന്നത്. സഹോദരനായ ലഖ് വീർ സിങ് ഇന്ത്യയിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സഹോദരൻ കൊല്ലപ്പെട്ടത്. സഹോദരനെ നിരവധി തവണ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. തുടർന്ന് ഞായറാഴ്ച അമ്മാവനോട് വീട്ടിൽ അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അമ്മാവൻ വീട്ടിലെത്തിപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. കുടുംബത്തിന് യാതൊരുവിധ ശത്രുക്കളും നിലവിലില്ലെന്നും ഇന്ത്യാ ഗവൺമെന്റ് ഫിലിപ്പീൻസ് സർക്കാരിൽ സമ്മർദ്ദം ചെലുത്തി ശക്തതമായ അന്വേഷണത്തിലൂടെ പ്രതികളെ എത്രയും വേഗം പിടികൂടി ശിക്ഷിക്കണമെന്ന് സഹോദരൻ ലഖ് വീർ സിങ് ആവശ്യപ്പെട്ടു.