ന്യൂദല്‍ഹി -ഒടുവില്‍ ഔദ്യോഗിക വസതി ഒഴിയാമെന്ന് രാഹുല്‍ ഗാന്ധി സമ്മതിച്ചു. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക വസതി ഒഴിയണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി തല്‍ക്കാലം അനുസരിക്കില്ലെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ച ശേഷം നല്‍കിയ മറുപടിയില്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ താന്‍ ഉറപ്പായും പാലിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ലോകസഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ ശിക്ഷിച്ച സൂറത്ത് കോടതി വിധി റദ്ദാക്കണമെന്ന് കാണിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാല്‍ സര്‍ക്കാര്‍ വസതി തല്‍ക്കാലം ഒഴിയേണ്ടതില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. അത് പിന്നീട് മാറ്റുകയായിരുന്നു. അപ്പീലില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പ്രതീക്ഷ.
ലോകസഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയോട് ന്യൂദല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ലോകസഭാ ഹൗസിംഗ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 22നകം സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂദല്‍ഹിയിലെ 12 തുഗ്ലക് ലെയ്നില്‍ സ്ഥിതി ചെയ്യുന്ന 5 ബെഡ്‌റൂം ടൈപ്പ് 8 ബംഗ്ലാവാണ് രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചിരുന്നത്. 2004 ല്‍ രാഹുല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ആദ്യമായി ലോകസഭയിലെത്തിയപ്പോഴാണ് ഈ ബംഗ്ലാവ് അനുവദിച്ചത്.