Sorry, you need to enable JavaScript to visit this website.

രാഹുലിനെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസും; രാജ്യവ്യാപക പ്രതിഷേധം തുടരുന്നു

ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായി. പാര്‍ലമെന്റിലും പ്രതിഷേധം തുടര്‍ന്നതോടെ ഇരുസഭകളും പിരിഞ്ഞു. അദാനി ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ പ്രധാനമന്ത്രിക്കെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമര്‍ശനമുന്നയിച്ച രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
     ഇത്ര ദിവസവും പ്രതിഷേധത്തില്‍നിന്ന് വിട്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം തിങ്കളാഴ്ച പിന്തുണയറിയിച്ച് രംഗത്തെത്തി. പ്രതിഷേധം സംഘടിപ്പിക്കാനുള്ള പ്രതിപക്ഷ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തു. എംപിമാരായ പ്രസുന്‍ ബാനര്‍ജിയും ജവഹര്‍ സര്‍ക്കാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ഈ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാടെന്ന് അവര്‍ പറഞ്ഞു.
    പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിരാളികളില്‍ പ്രധാനപ്പെട്ടവരാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ പുറത്താക്കിയതില്‍ ആദ്യം പ്രതിഷേധമൊന്നും അറിയിച്ചില്ലെങ്കിലും പിന്നീട് അദ്ദേഹത്തിനു പിന്തുണയുമായി തൃണമൂല്‍ എത്തുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലുള്ള നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് നരേന്ദ്രമോഡിയെന്നു പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി പ്രതികരിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുളള ബിജെപി നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കളെ അവര്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അയോഗ്യരാക്കുന്നു. ജനാധിപത്യം തകരുന്നതിന് നാമെല്ലാവരും സാക്ഷിയാവുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
    തൃണമൂലിന്റെ ഈ തീരുമാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്വാഗതം ചെയ്തു. ജനാധിപത്യത്തെ സംരക്ഷിക്കാനായി മുന്നോട്ടുവരുന്ന എല്ലാവരെയും സ്വാഗതം ചെയ്യുമെനനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയും എംപിമാരുടെ കറുപ്പണിഞ്ഞുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തു. തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളിയാണ് ബിആര്‍എസ്. ഉദ്ദവ് താക്കെറെക്കൊപ്പമുള്ള ശിവസേന പക്ഷവും കോണ്‍ഗ്രസിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു. എന്നാല്‍ വാര്‍ത്താ സമ്മേളനത്തിനിടെ സവര്‍ക്കറെ വിമര്‍ശിച്ചതില്‍ ശിവസേന അതൃപ്തി അറിയിച്ചിരുന്നു. സവര്‍ക്കറെ വിമര്‍ശിക്കുന്നത് പ്രതിപക്ഷത്തില്‍ വിള്ളലുണ്ടാക്കുമെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, സമാജ് വാദി പാര്‍ട്ടി, ഭാരതീയ രാഷ്ട്ര സമിതി, സിപിഎം, ആര്‍ജെഡി, സിപിഐ, ഇന്ത്യന്‍ മുസ്ലീം ലീഗ് യൂണിയന്‍, എംഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് , ശിവസേന ഉള്‍പ്പെടെ പതിനേഴ് പ്രതിപക്ഷ പാര്‍ട്ടികളാണ് ഇതിനെതിരെ പ്രതിഷേധിക്കുന്നത്.
    അതിനിടെ, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ദല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ജന്ദര്‍മന്ദറില്‍ വച്ച് പോലീസ് മാര്‍ച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് തിരിഞ്ഞത്. ഷാഫി പറമ്പിലുള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും, പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

 

Latest News