മലബാർ സിമന്റ്‌സ് രണ്ട് പുതിയ ഉൽപന്നങ്ങൾ കൂടി വിപണിയിലിറക്കുന്നു പ്ലാസ്റ്ററിങ് മിക്‌സും സിമന്റ് കട്ടകൾ നിർമിക്കാനുള്ള വൺഡേ സ്‌ട്രെങ്ത് സിമന്റുമാണ് പുതുതായി വിപണിയിലിലെത്തുന്നത്. കെട്ടിടങ്ങൾക്കുള്ള പ്ലാസ്റ്റർ, ഡ്രൈമിക്‌സ് എന്ന പേരിൽ വ്യവാസയ മന്ത്രി പി. രാജീവ് അടുത്ത ദിവസം കൊച്ചിയിൽ വിപണിയിലിറക്കും.
മണൽ ക്ഷാമം രൂക്ഷമായതിനാൽ പാറപ്പൊടിയാണ് നിലവിൽ ചുമരുകൾ തേക്കുന്നതിന് ഉപയോഗിക്കുന്നത്. ഗുണമുള്ള പാറപ്പൊടി ലഭിക്കാത്തതിൽ പ്ലാസ്റ്ററിങ് പലപ്പോഴും ദിവസങ്ങൾക്കുള്ളിൽ തകരാറിലാകലുണ്ട്. ഇതിനു പരിഹാരം എന്ന നിലയിലാണ് പുതിയ ഉൽപന്നവുമായി മലബാർ സിമന്റ്‌സ് രംഗത്തു വരുന്നത്.
ഗുണമേന്മയുള്ള മണൽ സംസ്‌കരിച്ച്, ഈർപ്പം പൂർണമായി നീക്കി, കൃത്യമായ അളവിൽ സിമന്റ് കലർന്നുവെന്ന് യന്ത്ര പരിശോധനയിൽ ഉറപ്പു വരുത്തിയാണ് ഡ്രൈമിക്‌സ് നിർമിക്കുന്നതെന്ന് മലബാർ സിമന്റ്‌സ് മാനേജിങ് ഡയറക്ടർ കെ.ഹരികുമാർ അറിയിച്ചു. ആവശ്യത്തിനു വെള്ളം ചേർത്താൽ എളുപ്പത്തിൽ ചുമരുകൾ തേയ്ക്കാനാവും. 40 കിലോഗ്രാം ബാഗിന് 550 രൂപയാണ് വില. ഒരു ബാഗ് കൊണ്ടു 17 ചതുരശ്രയടി തേപ്പു നടത്താമെന്ന് കമ്പനി അവകാശപ്പെടുന്നു.
വൺഡേ സ്‌ട്രെങ്ത് സിമന്റ് 'വേഗ' എന്ന പേരിൽ അടുത്ത മാസമാണ് വിപണിയിലെത്തിക്കുക. കോൺക്രീറ്റ് ബ്രിക്‌സ്, ഹോളോബ്രിക്‌സ് എന്നിവ നിർമിക്കുന്നതിനും തറയിൽ ടൈലിടാനും ഇതുപയോഗിക്കാം. ഒരു ദിവസം കൊണ്ട് ഉറയ്ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.