മക്ക - വിശുദ്ധ ഹറമില്‍ ഉംറ കര്‍മത്തിന്റെ ഭാഗമായ ത്വവാഫ് നിര്‍വഹിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഖുര്‍ആന്‍ ആധ്യാപകനായ 27 കാരന്‍ സനൂസി അബ്കര്‍ ആണ് മതാഫില്‍ വെച്ച് അന്ത്യശ്വാസം വലിച്ചത്. പന്ത്രണ്ടാം വയസില്‍ ഖുര്‍ആന്‍ മുഴുവനായും മനഃപാഠമാക്കിയ സനൂസി അബ്കര്‍ മക്ക ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅത്ത് കോഴ്‌സില്‍ ബിരുദം നേടിയിരുന്നെന്ന് സഹോദരന്‍ സ്വാലിഹ് അബ്കര്‍ പറഞ്ഞു. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഖുര്‍ആന്‍ പഠിപ്പിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയില്‍ (ഖൈറുകും) ഖുര്‍ആന്‍ അധ്യാപകനായി നിയമിതനായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉംറ കര്‍മം നിര്‍വഹിക്കുന്നതിനിടെ മതാഫില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
മറ്റൊരു സഹോദരനും മാതാവിനും ഒപ്പമാണ് സനൂസി ഉംറ കര്‍മം നിര്‍വഹിക്കാന്‍ ഹറമിലെത്തിയത്. മതാഫില്‍ പ്രവേശിച്ച് ത്വവാഫ് കര്‍മം ആരംഭിച്ചതോടെ തലകറക്കം അനുഭവപ്പെട്ടു. സഹോദരനോടും മാതാവിനോടും ത്വവാഫ് കര്‍മം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട സനൂസി താന്‍ അല്‍പ നേരം വിശ്രമിക്കുകയാണെന്നും അതിനു ശേഷം ത്വവാഫ് കര്‍മം പൂര്‍ത്തിയാക്കാമെന്ന് അവരെ അറിയിക്കുകയുമായിരുന്നു.
മിനിറ്റുകള്‍ക്കകം മതാഫില്‍ ഒരാള്‍ക്കു ചുറ്റും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കാന്‍ ശ്രമിക്കുന്നതും സഹോദരന്റെയും മാതാവിന്റെയും ശ്രദ്ധയില്‍ പെട്ടു. അവര്‍ അടുത്തു ചെന്നു നോക്കിയപ്പോള്‍ അത് തന്റെ സഹോദരന്‍ സനൂസിയായിരുന്നെന്നും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നും സ്വാലിഹ് അബ്കര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)