ന്യൂയോര്‍ക്ക്- ആഗോളതാപനത്തിലുണ്ടാകുന്ന വര്‍ധനവ് വ്യോമയാന മേഖലയ്ക്കും ബാധ്യതയാകുമെന്ന് പഠനം. വായു പ്രക്ഷുബ്ധത വിമാന യാത്രകളെ ദോഷകരമായി ബാധിക്കുകയും യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം വായു പ്രക്ഷുബ്ധതയുടെ വര്‍ധനവിന് കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകമെമ്പാടും വായു പ്രക്ഷുബ്ധതയുടെ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. 2050നും 2080നും ഇടയില്‍ വായു പ്രക്ഷുബ്ധതയുടെ ആവൃത്തി മൂന്നിരട്ടിയാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വായു പ്രക്ഷുബ്ധതയെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ ചെറിയ ദൂരത്തില്‍ കാറ്റിന്റെ ദിശയിലും വേഗതയിലും മാറ്റമുണ്ടാകുന്ന വിന്‍ഡ്ഷിയറാണ് വിമാനങ്ങള്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കുക. വിമാനത്തെ വിവിധ ദിശകളിലേക്ക് തള്ളാനോ വലിക്കാനോ കഴിവുള്ള ശക്തമായ കാറ്റിന്റെ പ്രവാഹനങ്ങളെ നേരിടേണ്ടി വരുമ്പോഴാണ് ബുദ്ധിമുട്ട് അനുഭവപ്പെടുക. വിന്‍ഡ്ഷിയര്‍ ഒഴിവാക്കാന്‍ വാണിജ്യ വിമാനങ്ങള്‍ പലപ്പോഴും അവയ്ക്ക് മുകളില്‍ പറക്കുമെങ്കിലും ഏത് ഉയരത്തിലും ഇത് സംഭവിക്കാനുള്ള സാധ്യതയുണ്ട്.
നേച്ചറില്‍ പ്രസിദ്ധീകരിച്ച 2019ലെ ഒരു പഠനമനുസരിച്ച് ലംബമായ വിന്‍ഡ്ഷിയര്‍ നിരീക്ഷണം ആദ്യം ആരംഭിച്ചത് 1979ലാണ്. അതിനുശേഷം ഇത് 15 ശതമാനം വര്‍ധിച്ചുവെന്ന് യു കെയിലെ റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നെവാര്‍ക്ക്, ബാങ്കോക്ക് സുവര്‍ണഭൂമി, ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് എന്നിവയുള്‍പ്പെടെ നൂറ് വിമാനത്താവളങ്ങളെയെങ്കിലും സമുദ്രനിരപ്പിന് താഴെയാക്കാന്‍ ആഗോള താപനത്തിന് സാധിച്ചേക്കാം.
കാലാവസ്ഥാ വ്യതിയാനം മൂലം പ്രക്ഷുബ്ധത വര്‍ധിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളുടെ വലിയ ശേഖരം തന്നെ ശാസ്ത്രജ്ഞന്മാരുടെ പക്കലുണ്ടെന്ന് പഠനത്തിന്റെ സഹ രചയിതാവ് കൂടിയായ അന്തരീക്ഷ കാലാവസ്ഥാ ശാസ്ത്ര വിഭാഗം പ്രൊഫസര്‍ പോള്‍ വില്യംസിനെ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനം കാരണം 1970-കളെ അപേക്ഷിച്ച് 15 ശതമാനം ശക്തിയുള്ള വിന്‍ഡ്ഷിയര്‍ വഴിയാണ് ക്ലിയര്‍- എയര്‍ ടര്‍ബുലന്‍സ് ഉണ്ടാകുന്നത്. വരും ദശകങ്ങളില്‍ വിന്‍ഡ്ഷിയര്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത പ്രക്ഷുബ്ധതയാണ് അത് സൃഷ്ടിക്കുക.
യു എസ് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് (എന്‍. ടി. എസ്. ബി) പറയുന്നതനുസരിച്ച് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന പ്രക്ഷുബ്ധത ഉള്‍പ്പെടുന്ന അപകടങ്ങളില്‍ യാത്രക്കാരെ അപേക്ഷിച്ച് ക്യാബിന് ക്രൂവിന് പരിക്കേല്‍ക്കാനുള്ള സാധ്യത 24 മടങ്ങ് അധികമാണ്.