Sorry, you need to enable JavaScript to visit this website.

ബില്‍ക്കിസ് ബാനു കേസ് പ്രതി ബി.ജെ.പി എം.പിയോടൊപ്പം വേദിയില്‍; പ്രതിഷേധിച്ച് മഹുവ മൊയ്ത്രയും കവിതയും

ന്യൂദല്‍ഹി- ഗുജറാത്തില്‍ ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളിലൊരാള്‍ ബിജെപി എംപി,എംഎല്‍എ എന്നിവരോടൊപ്പം സര്‍ക്കാര്‍ പരിപാടിയുടെ വേദിയിലെത്തിയതില്‍ പ്രതിഷേധം.  തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും  ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എംഎല്‍സി കെ. കവിതയും ട്വിറ്ററില്‍ പ്രതിഷേധം അറിയിച്ചു.
ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതിയായ ശൈലേഷ് ഭട്ടാണ് ദഹോദ് ബി.ജെ.പി എം.പി ജസ്വന്ത്‌സിന്‍ഹ് ഭാഭോര്‍, ലിംഖേഡ എം.എല്‍.എ സൈലേഷ് ഭാഭോര്‍ എന്നിവര്‍ക്കൊപ്പം ജലവിതരണ പദ്ധിതയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.
ഇരകള്‍ നീതിക്കുവേണ്ടി കാത്തുനില്‍ക്കുമ്പോഴാണ്  സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ആഘോഷിക്കുന്ന സമൂഹമായി നമ്മള്‍ മാറിയിരിക്കുന്നതെന്ന് കവിത ട്വീറ്റ് ചെയ്തു.
ഈ രാക്ഷസന്മാരെ വീണ്ടും ജയിലിലടച്ച് താക്കോല്‍ വലിച്ചെറിയണമെന്ന് മഹുവ മൊയ്ത്ര ട്വീറ്റില്‍ പറഞ്ഞു. ഇന്ത്യ അതിന്റെ ധാര്‍മികത വീണ്ടെടുക്കണമെന്നും നീതിയെ പരിഹസിക്കുന്ന ഇക്കൂട്ടരെ പുറത്താക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  
ജലവിതരണ പദ്ധതിയില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതി പങ്കെടുക്കുന്നതിന്റഎ ചിത്രങ്ങള്‍ എംഎല്‍എ ജസ്വന്ത്‌സിംഗ് ഭാഭോറാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ബലാത്സംഗ കേസിലെ പ്രതികളെ ശിക്ഷാ ഇളവ് നല്‍കി നേരത്തെ മോചിപ്പിച്ചതിനെരായ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.
2002ലെ ഗോധ്ര കലാപത്തില്‍ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10 നാണ് ഗുജറാത്ത് സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് ഇളവ് അനുവദിച്ചത്.  2022 ഓഗസ്റ്റ് 15 ന് അവര്‍ ജയില്‍ മോചിതരാകുകയും ചെയ്തു.

 

Latest News