സിനിമ മാത്രമല്ല, ജീവിതവും നര്‍മ്മത്തിലൂടെ ആഘോഷമാക്കിയ ആളാണ് നടന്‍ ഇന്നസെന്റ് . ഒരു വാക്കു പറയുകയാണെങ്കില്‍ പോലും ആളുകളെ ചിരിപ്പിക്കുന്ന രീതിയില്‍ നര്‍മ്മം കലര്‍ത്തി മാത്രമേ അദ്ദേഹം പറയുകയുള്ളൂ. സിനിമയില്‍ പറഞ്ഞതിനേക്കാള്‍ നര്‍മ്മം ഇന്നസെന്റ് ദിവസവും ജീവിതത്തില്‍ പറയും. ഈ കഴിവു തന്നെയാണ് ഇന്നസെന്റിനെ മലയാളികളുടെ പ്രിയ താരമാക്കി മാറ്റിയതും.
ഇന്നസെന്റും മോഹന്‍ലാലും തമ്മിലുള്ള നിരവധി കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ഇരുവരും അടുത്ത സൃഹൃത്തുക്കളാണ്. മോഹന്‍ലാലിനെപ്പറ്റി പറയാന്‍ കിട്ടുന്ന അവസരങ്ങളൊന്നും തന്നെ ഇന്നസെന്റ് പാഴാക്കാറില്ല. തനിക്ക് ഭ്രാന്ത് വരരുതേയെന്ന് മോഹന്‍ലാല്‍ പ്രാര്‍ത്ഥിച്ചതിനെപ്പറ്റി ഇന്നസെന്റ് തമാശയായി പറഞ്ഞത് ഇങ്ങനെയാണ് ; എന്തുകൊണ്ടാണ് അങ്ങനെ പ്രാര്‍ഥിക്കുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു. ' എന്റെ ബുദ്ധിമോശംകൊണ്ട് പല കാര്യങ്ങളും നിങ്ങളോടു തുറന്നുപറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ഭ്രാന്തെങ്ങാനും വന്നാല്‍ അതെല്ലാം ലോകമറിയുമല്ലോ എന്നാണെന്റെ ഭയം. അതുകൊണ്ട് ഞാന്‍ ദൈവത്തോട് ഇപ്പോള്‍ സ്ഥിരമായി ആവശ്യപ്പെടാറുള്ളത് നിങ്ങള്‍ക്ക് ഭ്രാന്ത് വരരുതേ എന്നാണ്'.
നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കണമെന്ന് അറിയില്ലെന്നാണ് ഇന്നസെന്റിന്റെ വിയോഗത്തില്‍ മോഹന്‍ലാല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. ' എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് ... ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും.... ' . ഇങ്ങനെയായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.