വാഷിംഗ്ടണ്‍- ലണ്ടനിലും സാന്‍ഫ്രാന്‍സിസ്‌കോയിലും ഉണ്ടായതുപോലെ ഇന്ത്യന്‍ അംബാസഡറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി വാഷിംഗ്ടണിലും ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രകടനം. മാധ്യമ പ്രവര്‍ത്തകനുനേരെയും അതിക്രമമുണ്ടായി. സംഘര്‍ഷം പോലീസ് സേനയും യു.എസ് സീക്രട്ട് സര്‍വീസും വിഫലമാക്കി.
ശനിയാഴ്ച വാഷിംഗ്ടന്‍ ഡി.സിയിലെ ഇന്ത്യന്‍ എംബസിക്കു പുറത്ത് നൂറുകണക്കിനാളുകളാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിനെ പേരെടുത്തു പറഞ്ഞു ഭീഷണിപ്പെടുത്തിയും ജീവനക്കാരെ കൈകാര്യം ചെയ്യുമെന്നു പറഞ്ഞുമായിരുന്നു പ്രകടനം. പ്രതിഷേധ സമയം അംബാസഡര്‍ എംബസിയില്‍ ഉണ്ടായിരുന്നില്ല. ജനലുകള്‍ തകര്‍ക്കാനും മറ്റും കൂടെയുണ്ടായിരുന്നവരെ സംഘാംഗങ്ങള്‍ പ്രേരിപ്പിക്കുകയും ചെയ്തു. എംബസിയിലെ വസ്തുവകകള്‍ക്ക് കേടുപാടു വരുത്താനും നിര്‍ദേശം നല്‍കി.
പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകനെയും കയ്യേറ്റം ചെയ്തു. ദേശീയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ ലളിത് ഝാക്കുനേരെയാണ് അതിക്രമമുണ്ടായത്. അതിനിടെ, കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു തോന്നിയതോടെ സീക്രട്ട് സര്‍വീസും പ്രാദേശിക പോലീസും കൂടുതല്‍ സേനാംഗങ്ങളെയെത്തിച്ച് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. എംബസിക്കുമുന്നില്‍ പോലീസ് വാനുകള്‍ വിന്യസിച്ചു.