ലണ്ടന്‍- ഒരു വര്‍ഷത്തിലധികം മൂത്രമൊഴിക്കാന്‍ സാധിക്കാതിരുന്ന യുവതിയ്ക്ക് പരിശോധനയില്‍ കണ്ടെത്തിയത് അപൂര്‍വരോഗം. യു കെ സ്വദേശിനിയായ എല്ലി ആഡംസ് എന്ന മുപ്പതുകാരിയ്ക്കാണ് ഫൗലേഴ്സ് സിന്‍ഡ്രോം എന്ന അപൂര്‍വരോഗം കണ്ടെത്തിയത്. മൂത്രം പുറത്തേയ്ക്ക് കളയാനാകാതെ വരുന്ന അവസ്ഥയാണ് ഫൗലേഴ്സ് സിന്‍ഡ്രോം. യുവതികളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്.
2020 ഒക്ടോബറിലാണ് എല്ലിയില്‍ ആദ്യമായി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നത്. എത്രതന്നെ വെള്ളം കുടിച്ചാലും മൂത്രമൊഴിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മൂത്രമൊഴിക്കണമെന്ന തോന്നലുണ്ടാകുമെങ്കിലും എല്ലിയ്ക്ക് അതിന് സാധിച്ചില്ല. താനപ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നെന്ന് എല്ലി പറയുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പെട്ടെന്നൊരു ദിവസം മൂത്രമൊഴിക്കാന്‍ പറ്റാതായി.
തുടര്‍ന്ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മൂത്രാശയത്തില്‍ ഒരു ലിറ്റര്‍ വെള്ളം തങ്ങിനില്‍ക്കുന്നതായി കണ്ടെത്തി. വനിതകള്‍ക്ക് 500 എം എല്‍ മൂത്രവും പുരുഷന്‍മാര്‍ക്ക് 700 എം എല്‍ മൂത്രവുമാണ് പിടിച്ചുവയ്ക്കാന്‍ സാധിക്കുന്നത്. പരിശോധനയ്ക്ക് ശേഷം എല്ലിയ്ക്ക് കത്തീറ്റര്‍ ഇട്ടു. മൂത്രം പിടിച്ചെടുക്കാന്‍ മൂത്രാശയത്തില്‍ ട്യൂബ് ഇടുന്നതാണ് കത്തീറ്റര്‍. പിന്നാലെ കത്തീറ്റര്‍ സ്വന്തമായി ഇടാന്‍ ആശുപത്രിയില്‍ നിന്ന് എല്ലിയെ പരിശീലിപ്പിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തിലധികം കാലം കത്തീറ്റര്‍ ഉപയോഗിച്ചാണ് എല്ലി മൂത്രമൊഴിച്ചത്. പിന്നീടാണ് ഫൗലേഴ്സ് സിന്‍ഡ്രോമാണ് എല്ലിയെ ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. ജീവിതകാലം മുഴുവന്‍ കത്തീറ്റര്‍ ഉപയോഗിക്കേണ്ടി വരാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.ജനുവരിയിലാണ് എല്ലി ചികിത്സ തുടങ്ങിയത്. ഇത് അസുഖം പൂര്‍ണമായും മാറ്റിയില്ലെങ്കിലും ഏറെ സഹായിച്ചുവെന്ന് എല്ലി പറയുന്നു. ഇപ്പോള്‍ 50 ശതമാനം മാത്രമാണ് കത്തീറ്റര്‍ ഉപയോഗിക്കുന്നത്. എന്നിരുന്നാലും ഏതാനും മാസങ്ങളിലേതിനെ അപേക്ഷിച്ച് എത്രയോ ഭേദം.