ചെന്നൈ- തമിഴ് സിനിമാ ലോകത്തിന്റെ അരനൂറ്റാണ്ടിലേറെ കാലത്തെ സ്വപ്നമായിരുന്നു പൊന്നിയിന്‍ സെല്വന് എന്ന കല്‍ക്കിയുടെ ഇതിഹാസ കാവ്യത്തിന്റെ ചലച്ചിത്ര സാക്ഷാത്കാരം. തമിഴ് മക്കളുടെ ഹൃദയത്തില്‍ ചിരഞ്ജീവിയായി വാഴുന്ന മക്കള്‍ തിലകം എം. ജി. ആര്. മുതല്‍ കമലഹാസന് അടക്കമുള്ളവര്‍ ഇത് സിനിമയാക്കാന്‍ തീവ്രമായി പരിശ്രമിച്ചിരുന്നു. ഇതിനിടെ ഒന്നര പതിറ്റാണ്ട് മുമ്പ് തമിഴിലെ എറ്റവും വലിയ ഒരു ടി. വി ചാനല്‍ നടന് റഹ്മാനെ വെച്ച് 'പൊന്നിയിന്‍ സെല്വന്' ബ്രഹ്മാണ്ഡ മെഗാ പരമ്പര നിര്‍മ്മിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. ഇങ്ങനെ സിനിമയിലെ പലര്‍ക്കും കഴിയാതെ പോയത് വര്‍ഷങ്ങളുടെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രവര്‍ത്തികമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സംവിധായകന് മണിരത്നം. അതും വന്‍ താര നിരയെ അണനിരത്തി രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ചു കൊണ്ട്. ആദ്യ ഭാഗം നിരൂപക പ്രശംസ പിടിച്ചു പറ്റി ബോക്സ് ഓഫീസില്‍ വിജയത്തിന്റെ ചരിത്രം സൃഷ്ടിച്ചിരുന്നു.
പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗം (പിഎസ് 2) ഏപ്രില്‍ 28ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പിഎസ്-1 കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് പിഎസ്-2ന്റെയും കേരളത്തിലെ വിതരണക്കാര്‍. റിലീസിന് മുന്നോടിയായി പിഎസ്-2ന്റെ ട്രെയിലര്‍ മാര്‍ച്ച് 29ന് പുറത്തിറക്കുമെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റര്‍ പുറത്തു വിട്ടു. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്, തൃഷകൃഷ്ണ, റഹ്മാന്, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്, ലാല്‍, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. റഫീക്ക് അഹമ്മദും എ. ആര്. റഹ്മാനുമാണ് ഗാന ശില്പികള്. ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പൊന്നിയിന്‍ സെല്വന്-2 ' (പിഎസ്2) തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും.