പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസം വരവായി. ലോകത്താകമാനമുള്ള വിശ്വാസികൾ വ്രതാനുഷ്ഠാനങ്ങൾക്കുള്ള തയാറെടുപ്പിലാണ്. അതിൽ ദീർഘകാലമായി പല രോഗങ്ങൾക്കായി ചികിൽസ തേടുന്നവരും ഉണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ അന്ന ജല പാനമില്ലാതെ 12 മുതൽ 14 മണിക്കൂർ വരെ വ്രതമനുഷ്ഠിക്കുന്ന മുതിർന്നവരും രോഗികളുമായുള്ള ജനങ്ങൾ ചില മുൻകരുതലുകളെടുക്കുന്നത് സുഗമമായ വ്രതാനുഷ്ഠാനത്തിന് സഹായകമാകും. നോമ്പുകാരൻ മറ്റു സമയങ്ങളിൽ കഴിക്കുന്ന ആഹാരം ആരോഗ്യദായകമാകാൻ ശ്രദ്ധിക്കണം.
അത്താഴം (സൂര്യോദയത്തിന് മുമ്പ് )
ചൂട് കാലമായതിനാൽ അത്താഴം വൈകിപ്പിക്കുന്നതാണ് നല്ലത്. അന്നജവും മാംസ്യവും നാരും അടങ്ങിയ ഭക്ഷണമാണ് അത്താഴത്തിന് ഉത്തമം. ധാന്യങ്ങൾ, പയറു വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലും പാലുൽപന്നങ്ങളും, മുട്ട, ഡ്രൈ ഫ്രൂട്‌സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും നിർജലീകരണം തടയുകയും ചെയ്യുന്നു.
ഇഫ്താർ ( നോമ്പുതുറ )
നോമ്പ് തുറക്കുമ്പോൾ വെള്ളവും ഈത്തപ്പഴവും (കാരക്ക) മറ്റു പഴങ്ങളും ഉൾപ്പെടുത്താം. ശരീരത്തിന് പാകമായ അളവിൽ ഊർജം നൽകാൻ ഇത് സഹായിക്കുന്നു. അമിതമായ കൊഴുപ്പടങ്ങിയതും മൈദ കൊണ്ടുണ്ടാക്കിയ പലഹാരങ്ങളും വർജിക്കുക.
രാത്രി ഭക്ഷണം (മുത്താഴം)
അരി, ഗോതമ്പ്, മുത്താറി പോലുള്ള ചെറുധാന്യങ്ങൾ (മില്ലറ്റ്‌സ്) കൊണ്ടുള്ള ആഹാരങ്ങളും മത്സ്യം, മുട്ട, ചിക്കൻ, മട്ടൻ, ബീഫ് പോലുള്ള മാംസാഹാരങ്ങളും ഉൾപ്പെടുത്താം. പച്ചക്കറികൾ സലാഡ് രൂപത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മിതമായ അളവിൽ സാവധാനം ആഹരിക്കുക.
- അധികം കൊഴുപ്പുള്ളതും ഫാസ്റ്റ് ഫുഡ് ഇനത്തിൽപെട്ടതും ആയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. അത് വഴി ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചിൽ എന്നിവ ഒരു പരിധി വരെ കുറയ്ക്കാവുന്നതാണ്.
- എണ്ണയിൽ പൊരിച്ച പലഹാരങ്ങൾക്ക് പകരം ആവിയിൽ വേവിച്ചതോ പുഴുങ്ങിയതോ ബേക്ക് ചെയ്തതോ ആയ പലഹാരങ്ങൾ ഉപയോഗിക്കുക.
- ആഹാരത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.
- ദിവസവും മൂന്നു ലിറ്റർ വെള്ളം കുടിക്കുന്നത് വഴി നിർജ്ജലീകരണവും മലബന്ധവും തടയാം.
- പ്രമേഹ രോഗികൾ ഫ്രൂട്ട് ജ്യൂസുകൾക്ക് പകരം ഫ്രൂട്‌സ് മിതമായി കഴിക്കുക (ദിവസം 100 ഗ്രാം )
- മധുരം കൂടിയ പാനീയങ്ങൾ, മധുര പലഹാരങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണം, ഉപ്പും എരിവും കൂടിയ ഭക്ഷണം എന്നിവ ദാഹം വർധിപ്പിക്കുവാൻ കാരണമായേക്കും. അതിനാലിവ ഒഴിവാക്കുന്നതാണ് ഉത്തമം.
- ഒരു ദിവസം ഉപയോഗിക്കേണ്ട ഉപ്പിന്റെ അളവ് ആറ് ഗ്രാം ആണ്.
- ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം, കോള പോലുള്ള കാർബണേറ്റ് പാനീയങ്ങൾ ഒഴിവാക്കുക
- പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം മുതലായ ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ മേൽപറഞ്ഞ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
- കിഡ്‌നി രോഗികൾ ധാരാളമായി പ്രോട്ടീൻ അടങ്ങിയ ബീഫ്, മട്ടൻ, മറ്റു മാംസാഹാരങ്ങൾ, പയറു വർഗങ്ങൾ, നട്‌സ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് രക്തത്തിലെ ക്രിയാറ്റിനിന്റെ അളവ് നിയന്ത്രിക്കുവാൻ സഹായിക്കും.
- ആസ്ത്മ രോഗികൾ അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതോടൊപ്പം നിർജ്ജലീകരണം ഇല്ലാതിരിക്കാനും ശ്രദ്ധിക്കണം.
- പകൽ സമയത്ത് കഠിന വ്യായാമങ്ങൾ ഒഴിവാക്കുക. ഇഫ്താറിന് ശേഷം മിതമായി വ്യായാമം ചെയ്യുക. രാത്രി നമസ്‌കാരം നല്ല വ്യായാമമാണ്.
- സ്ഥിരമായി മരുന്ന് കഴിക്കുന്നവർ അത് നിർത്തരുത്.
- ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ രാത്രിയിൽ ചുരുങ്ങിയത് 6-7 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം.
- പ്രമേഹം, രക്ത സമ്മർദം, ഹൃദ്രോഗം, കിഡ്‌നി സംബന്ധമായ അസുഖങ്ങൾ മുതലായ ജീവിത ശൈലീരോഗങ്ങൾ ഉള്ളവർ നിങ്ങളുടെ ഡയറ്റീഷ്യൻ നൽകുന്ന ഉപദേശാനുസരണം ആഹാരത്തിൽ മാറ്റങ്ങൾ വരുത്തണം.
(കോഴിക്കോട് ഇഖ്റ ഇന്റർനാഷനൽ ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽ സീനിയർ ഡയറ്റീഷ്യനാണ് ലേഖിക)