കൊച്ചി- ആദായനികുതി വകുപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് വ്യവസായി ഫാരിസ് അബൂബക്കര്‍ വെള്ളിയാഴ്ച ചെന്നൈ ആദായനികുതി വകുപ്പ് ഓഫീസില്‍ ഹാജരാകണം. വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് നോട്ടീസ് ഇ-മെയില്‍ മുഖേന നല്‍കിയത്. ഫാരിസ് ലണ്ടനിലാണെന്നാണ് സൂചന. ഫാരിസ് ഹാജരാകുമോ എന്നതില്‍ വകുപ്പിന് വ്യക്തതയില്ല.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് രാജ്യത്തെ 73 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. ആദായനികുതി വകുപ്പിന്റെ ചെന്നൈയിലെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് റെയ്ഡിനും തുടര്‍നടപടികള്‍ക്കും നേതൃത്വം നല്‍കുന്നത്.
തമിഴ്നാട്, കേരളം, ആന്ധ്ര, കര്‍ണാടക, ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവടങ്ങളില്‍ ഒരേസമയമാണ് റെയ്ഡ് നടന്നത്. ചെന്നൈ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റാണ് അതത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി റെയ്ഡിന് നേതൃത്വം നല്‍കിയത്. ഫാരിസ് അബൂബക്കറിന് നിക്ഷേപമുള്ള ചെറുതും വലുതുമായ തൊണ്ണൂറോളം റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ രാജ്യം മുഴുവന്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന് ലഭിച്ച വിവരം.
ഫാരിസിന്റെ പ്രധാന ഇടനിലക്കാരനായ നജീം അഹമ്മദിന്റെ മുദ്രവെച്ച ഫ്ളാറ്റ് ആദായനികുതി ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച വീണ്ടും തുറന്ന് പരിശോധിച്ചു. ചില രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന. കേരളത്തിലെ എട്ടോളം റിസോര്‍ട്ടുകളിലും റെയ്ഡ് നടന്നു.
ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കള്ളപ്പണ ഇടപാടിന്റെ സാധ്യത പരിശോധിച്ച്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചെന്നൈ യൂണിറ്റും കേസ് രജിസ്റ്റര്‍ ചെയ്യും.