ഒരു കാലത്ത് സൈബര്‍ ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിങ് അപ്ലിക്കേഷനായിരുന്ന യാഹു മെസഞ്ചര്‍ ജൂലൈ 17-ഓടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. യൂസേഴ്‌സിന് ഇതു പിന്നീട് ഉപയോഗിക്കാനാവില്ല. അടുത്ത മാസം പൂര്‍ണമായും പിന്‍വലിക്കുമെങ്കിലും പഴയ മെസേജുകളും ചാറ്റ് ഹിസ്റ്ററിയും വീണ്ടെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് യാഹൂ ആറു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. യാഹൂ മെസഞ്ചര്‍ ഐഡി ഉപയോഗിച്ച് യാഹു മെയില്‍ ഉള്‍പ്പെടയുള്ള മറ്റു സര്‍വീസുകള്‍ തുടര്‍ന്നു ഉപയോഗിക്കാം. 20 വര്‍ഷം മുമ്പ് അവതരിപ്പിച്ച യാഹൂ മെസഞ്ചര്‍ ഫേസ്ബുക്ക്, വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയാ മെസേജിങ് ആപ്പുകള്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയില്‍ മുങ്ങിപ്പോകുകയായിരുന്നു.
യാഹൂ മെസെഞ്ചര്‍ പൂട്ടിയെങ്കിലും പുതിയ മെസേജിങ് ആപ്പിന്റെ പണിപ്പുരയിലാണ് യാഹു. സ്‌ക്വിറില്‍ എന്ന പേരില്‍ പുതിയൊരു ഗ്രൂപ്പ് മെസേജിങ് അപ്ലിക്കേഷന്‍ പരീക്ഷാര്‍ത്ഥം കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു. ഇത് യാഹൂ മെസഞ്ചറിന്റെ പിന്‍ഗാമിയായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബീറ്റാ വേര്‍ഷനിലുള്ള ഈ ആപ്പ് ഉപയോക്താക്കളക്ക് ലഭ്യമല്ല. പ്രത്യേക ഇന്‍വിറ്റേഷനിലൂടെ മാത്രമെ ഈ ആപ്പിലേക്ക് ഇപ്പോള്‍ എത്തിച്ചേരാനാകൂ.