ലണ്ടൻ- ഹിൻഡൻബർഗ് പുതിയ റിപ്പോർട്ട് ട്വിറ്റർ മുൻ സി.ഇ.ഒക്കെതിരെയെന്ന് സൂചന. ട്വിറ്റർ മുൻ സി.ഇ.ഒ ജാക് ഡർസെയെയാണ് ഉന്നമിടുന്നതെന്നറിഞ്ഞതോടെ ജാക് ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ് നേരിട്ടു. അടുത്ത വമ്പൻ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്ന് അമേരിക്കൻ നിക്ഷേപ-ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ലോകത്ത് ബാങ്കിംഗ് പ്രതിസന്ധി രൂക്ഷമാകുകയും, ബാങ്കുകൾ ഒന്നിനുപുറകെ ഒന്നായി മുങ്ങുകയും ചെയ്യുന്ന സമയത്താണ് ഷോർട്ട് സെല്ലർ സ്ഥാപനത്തിന്റെ ഈ ട്വീറ്റ് എന്നത് ആശങ്ക വർധിപ്പിച്ചു.
അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ പേര് 2023-ന്റെ തുടക്കം മുതൽ തലക്കെട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ജനുവരി 24ന് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഈ സ്ഥാപനം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഗൗതം അദാനിയുടെ സാമ്രാജ്യത്തെ പിടിച്ചുകുലുക്കി. അതിന്റെ ഫലം ഇപ്പോഴും കാണുന്നുണ്ട്, ഇതുമൂലം ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്നരിൽ ഉൾപ്പെട്ടിരുന്ന അദാനിയുടെ സമ്പത്ത് 60 ശതമാനം ഇടിഞ്ഞു. ഇപ്പോഴിതാ മറ്റൊരു വലിയ വെളിപ്പെടുത്തൽ നടത്താൻ ഒരുങ്ങുകയാണ് ഈ ഷോർട്ട് സെല്ലർ സ്ഥാപനം. 'അടുത്ത വമ്പൻ റിപ്പോർട്ട് ഉടൻ...' എന്നാണ് ഹിൻഡൻബർഗിന്റെ ട്വീറ്റ്. ഇക്വിറ്റി, ക്രെഡിറ്റ്, ഡെറിവേറ്റീവ് മാർക്കറ്റുകളെക്കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്യുന്ന ഒരു സാമ്പത്തിക ഗവേഷണ സ്ഥാപനമാണ് ഹിൻഡൻബർഗ് റിസർച്ച്. 2017-ൽ നഥാൻ ആൻഡേഴ്‌സൺ ആണ് ഇത് സ്ഥാപിച്ചത്. കോർപറേറ്റ് ലോകത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തുന്നതിന് ഇത് അറിയപ്പെടുന്നു.