ജിദ്ദ- വിശുദ്ധ റമദാന്‍ ആരംഭിച്ചതോടെ സൗദി അറേബ്യയിലെ ഫൂല്‍ തമീസ് കടകള്‍ക്കു മുന്നില്‍ തിരക്ക് തുടങ്ങി. ഇഫ്താര്‍ സമയം അടുക്കുമ്പോള്‍ ഓരോ ഫൂല്‍കടക്കുമുന്നിലും കാത്തുനില്‍ക്കുന്നവരുടെ തിരക്കും ട്രാഫിക് ജാമും എല്ലാ വര്‍ഷവും പതിവു കാഴ്ചയാണ്.
ഇത്രമാത്രം പ്രയാസപ്പെട്ട് ക്യൂവില്‍നിന്ന് വാങ്ങേണ്ട വിഭവമാണോ ഇതെന്നു തോന്നാമെങ്കിലും അവിടെ കാത്തുനില്‍ക്കുന്നവരില്‍ കൂടുതലും സ്വദേശികളാണെന്ന വസ്തുതയും വിസ്മയിപ്പിക്കും.
ചുരുങ്ങിയ വിലയ്ക്ക് ലഭിക്കുന്ന അഫ്ഗാന്‍ റൊട്ടിയെന്ന തമീസിനും അതോടൊപ്പം വാങ്ങുന്ന ഫൂലിനും സൗദികളുടെ ഇഫ്താര്‍ മജ്‌ലിസില്‍ അതിന്റേതായ സ്ഥാനമുണ്ട്. രുചിയെ കുറിച്ച് തര്‍ക്കമുണ്ടാകാമെങ്കിലും സൗദികള്‍ പരമ്പരാഗതമായി തന്നെ വീടുകളിലെത്തിക്കുന്ന വിഭവമാണ് ഫൂല്‍ തമീസ്. സാധാരണ സമയങ്ങളിലും വാങ്ങാറുണ്ടെങ്കിലും നോമ്പ് തുറ സമയത്ത് ഒഴിച്ചുകൂടാനാവാത്തതിനാലാണ് വ്രതമെടുത്തവര്‍ ഇതു പോലെ ഫൂല്‍ കടയ്ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നത്. ചൂടോടെ അത് ഫഌറ്റുകളില്‍ എത്തിച്ചിട്ടുവേണം അവര്‍ക്ക് നോമ്പ് മുറിക്കാന്‍.
സൗദിയിലെ എല്ലാ നഗരങ്ങളിലും ഫൂല്‍ തമീസ് കടകള്‍ക്കുമുന്നില്‍ നോമ്പ് മുറിക്കുന്ന സമയം അടുക്കുന്നതോടെ തിരിക്ക് തുടങ്ങും. റോഡിലേക്ക് നീളുന്ന ക്യൂ പല സ്ഥലങ്ങളിലും വാഹന ഗതാഗതത്തേയും ബാധിക്കുന്നു. മഗ്‌രിബ് ബാങ്ക് വിളിക്കുന്നതിനുമുമ്പ് താമസ സ്ഥലത്ത് എത്താന്‍ തത്രപ്പെടുന്നവരെയാണ് റോഡുകളിലെ ഈ തിരക്കും ബാധിക്കുന്നത്.
പരിചയ സമ്പന്നരായവരാണ് മിക്ക സ്ഥലങ്ങളിലും ഫൂല്‍ തമീസ് തയാറാക്കുന്നത്. പ്രാതലിനും അത്താഴത്തിനും മാത്രമല്ല, വിവാഹാഘോഷങ്ങളില്‍ പോലും ഫൂലില്‍ മുക്കി കഴിക്കുന്ന തമീസിനു സ്ഥാനമുണ്ട്. വിലക്കുറവാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ ആകര്‍ഷിക്കുന്നതെങ്കിലും രുചിയേറിയും ലളിതവുമെന്നാണ് സ്വദേശികള്‍ പറയുന്നത്. വളരെ എളുപ്പത്തില്‍ തയാറാക്കുന്ന ഫൂല്‍ തമീസിന് പോഷകഗുണങ്ങളുണ്ടെന്നും സൗദികള്‍ അഭിപ്രായപ്പെടുന്നു. എന്നാലും നോമ്പ് തുറക്കുന്ന സമയത്ത് അത്രമാത്രം നിര്‍ബന്ധമാണോ എന്ന ചോദ്യത്തിന് അതൊരു പതിവാണെന്നാണ് അവര്‍ നല്‍കുന്ന മറുപടി.
അഫ്ഗാനിസ്ഥാനില്‍നിന്ന് പണ്ടേ ഇവിടെ എത്തിച്ചേര്‍ന്ന തമീസ് എന്ന അഫ്ഗാനി റൊട്ടി ഇപ്പോള്‍ സൗദിയിലെ പ്രശസ്ത റെസ്റ്റോറന്റുകളിലും ഇഷ്ടവിഭവങ്ങളുടെ പട്ടികയിലുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)