ബോളിവുഡിലെ മസില്‍മാന്‍ സല്ലുവിന് ദുരിതകാലം. പല വഴിക്കുമാണ് പണി വരുന്നത്. മാനിനെ വേട്ടയാടിയതിന്റെ പുലിവാല് ഒന്നടങ്ങിയെന്ന് വിചാരിച്ചിരിക്കുമ്പോഴതാ വക വരുത്താന്‍ പദ്ധതിയുമായി ചിലര്‍ ഇറങ്ങിതിരിച്ചിരിക്കുന്നു. ഹരിയാന സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) പിടികൂടിയ ഭീകരസംഘാംഗം സമ്പത്ത് നെഹ്‌റ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയാറാക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. ഈമാസം ആറിനാണ് നെഹ്‌റയെ ഹൈദരാബാദില്‍നിന്ന് അറസ്റ്റു ചെയ്തത്. ചണ്ഡീഗഡ് പൊലിസില്‍നിന്നു വിരമിച്ച അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ മകനാണ് സമ്പത്ത് നെഹ്‌റ. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ വെടിവയ്ക്കല്‍ വിദഗ്ധനാണ് നെഹ്‌റ . സല്‍മാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ലോറന്‍സ് ബിഷ്‌നോയിയുടെ അനുയായിയാണു പിടിയിലായ നെഹ്‌റ.സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയും അതിനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്തത് സമ്പത്ത് നെഹ്‌റയായിരുന്നെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ വ്യക്തമായതായി പൊലിസ് പറഞ്ഞു. ഇതിനായി ഇയാള്‍ മുംബൈയില്‍ രണ്ടു ദിവസം ചിലവഴിച്ചിരുന്നു. ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെ സല്‍മാന്റെ വീട്ടിലും പരിസരങ്ങളിലും എത്തുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. നടന്റെ യാത്രകളും പോക്കുവരവുകളും രേഖപ്പെടുത്തുകയും അക്രമണത്തിന് ഉചിതമായ സ്ഥലവും ആവശ്യമായ ആയുധവും നിശ്ചയിക്കുകയും ചെയ്തതായും ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്ന് പ്രത്യേക ദൗത്യസംഘത്തിന്റെ തലവന്‍ സതീഷ് ബാലന്‍ പറഞ്ഞു.