Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചാറ്റ്ജിപിടിയുടെ എതിരാളിയെ പുറത്തിറക്കി ഗൂഗിൾ

ചാറ്റ്ജിപിടിയുടെ എതിരാളിയെ അമേരിക്കയിലും ബ്രിട്ടനിലും പുറത്തിറക്കി ഗൂഗിൾ. മൈക്രോസോഫ്റ്റ് പിന്തുണയോടെ ചാറ്റ്ജിപിടി ലോകമെമ്പാടും സ്വീകാര്യത നേടിക്കൊണ്ടിരിക്കെയാണ് ബാർഡ് എന്ന പേരിലുള്ള നിർമിത ബുദ്ധിയുമായി ഗൂഗിൾ രംഗപ്രവേശം ചെയ്തത്.  തങ്ങളുടെ എ.ഐ ചാറ്റ്‌ബോട്ട് പരീക്ഷിക്കാൻ ഗൂഗിൾ അമേരിക്കയിലേയും ബ്രിട്ടനിലേയും ഉപയോക്താക്കളെ കഴിഞ്ഞ ദിവസമാണ് ക്ഷണിച്ചത്. 
ഐഫോണിന്റെ ആവിർഭാവത്തിന് ശേഷമുള്ള സാങ്കേതികവിദ്യയിലെ ഏറ്റവും വലിയ മുന്നേറ്റമായാണ് ചോദിച്ചാൽ ഉപന്യാസങ്ങളും കവിതകളും കമ്പ്യൂട്ടർ കോഡുകളും മറ്റും തയാറാക്കി നൽകുന്ന 
ബാർഡ്, ചാറ്റ്ജിപിടി, മറ്റ് സമാന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകളെ വിലയിരുത്തുന്നത്.  
80,000 ഗൂഗിൾ ജീവനക്കാരുമായി ബാർഡ് പരീക്ഷിച്ചതിന് ശേഷമാണ് യു.എസിലെയും ബ്രിട്ടനിലെയും പൊതുജനങ്ങളുമായി ചാറ്റ്‌ബോട്ട് പരീക്ഷിക്കുന്നതെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. മറ്റ് ഭാഷകളിലേക്കും കൂടുതൽ രാജ്യങ്ങളിലേക്കും പോകുന്നതിന് മുന്നോടിയായാണ് പരീക്ഷണം. കൂടുതൽ ആളുകൾ ബാർഡ് ഉപയോഗിക്കാനും അതിന്റെ കഴിവുകൾ പരീക്ഷിക്കാനും തുടങ്ങുമ്പോൾ അത് വിസ്മയിപ്പിക്കുമെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. ഉൽപ്പന്നവും അടിസ്ഥാന സാങ്കേതികവിദ്യയും മെച്ചപ്പെടുത്തുന്നതിന് ഉപയോക്തൃ ഫീഡ്ബാക്ക് നിർണായകമാണ്. മൈക്രോസോഫ്റ്റിനെ പിടികൂടാൻ ധിറുതി പിടിച്ച് ഇറങ്ങിയതിന്  കമ്പനിക്കുള്ളിൽ ചില വിമർശനങ്ങൾ നേരിട്ട പിച്ചൈ കൂട്ടിച്ചേർത്തു.
ബാർഡ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സെർച്ച് എഞ്ചിനിൽ നിന്ന് വ്യത്യസ്തമായി  bard.google.com വെബ്‌സൈറ്റിൽ വെയ്റ്റിംഗ് ലിസ്റ്റിൽ സൈൻ അപ്പ് ചെയ്യാം.  ഇതുവരെ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും അത് മെച്ചപ്പെടുത്തുന്നതിനുള്ള അടുത്ത നിർണായക ഘട്ടം കൂടുതൽ ആളുകളിൽ നിന്ന് ഫീഡ്ബാക്ക് നേടുക എന്നതാണെന്നും  ഗൂഗിൾ വൈസ് പ്രസിഡന്റുമാരായ സിസിഹ് സിയാവോയും എലി കോളിൻസും ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ചാറ്റ്‌ബോട്ടുകൾ ആവേശകരമാകുന്നത് പോലെ തന്നെ തെറ്റുകളുമുണ്ടെന്ന് ഇരുവരും മുന്നറിയിപ്പ് നൽകി.
നിരവധി പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഉൽപ്പന്നം  വേഗത്തിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ്  മൈക്രോസോഫ്റ്റ് ശ്രമിച്ചത്.  എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി, ഉപഭോക്താക്കൾക്ക് പുതിയ എ.ഐ ലഭ്യമാക്കുന്നതിൽ ഗൂഗിൾ ഇതുവരെ കൂടുതൽ ശ്രദ്ധയോടെയാണ് മുന്നോട്ട് പോയത്.
ഓപ്പൺഎഐ പുറത്തിറക്കിയ ചാറ്റ്ജിപിടിയേയും അതിന്റെ പുതിയ പതിപ്പായ ജിപിടി-നാലിനേയും മൈക്രോസോഫ്റ്റാണ് പിന്തുണക്കുന്നത്.  ഓപ്പൺ എഐ ഗവേഷണ കമ്പനിക്ക് കോടിക്കണക്കിന് ഡോളർ ധനസഹായം നൽകുമെന്ന് ഈ വർഷം ആദ്യം മൈക്രോസോഫ്റ്റ് പറഞ്ഞിരുന്നു.
മൈക്രോസോഫ്റ്റ് പിന്തുണയുള്ള എതിരാളിയിൽ നിന്ന് വ്യത്യസ്തമായി ഗൂഗിൾ സെർച്ച് വഴി യഥാർത്ഥ ലോകത്തിൽ നിന്നുള്ള വിവരങ്ങൾ കരസ്ഥമാക്കാനും പ്രക്രിയകളിൽ സ്ഥിരത പുലർത്താനും കഴിയുമെന്നാണ് ചാറ്റ്ജിപിടിയിൽനിന്ന് എന്താണ് വ്യത്യാസമെന്ന എ.എഫ്.പി വാർത്താ ഏജൻസിയുടെ ചോദ്യത്തിന് ബാർഡ് നൽകിയ മറുപടി. ചാറ്റ്ജപിടി പൊതുജനങ്ങൾക്ക് നൽകിക്കഴിഞ്ഞെന്നും എന്നാൽ തങ്ങൾ  ഇപ്പോഴും വികസനത്തിലാണെന്നും ബാർഡ് കൂട്ടിച്ചേർത്തു. ഇതിനർത്ഥം താൻ നിരന്തരം പഠിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നും അതേസമയം ചാറ്റ്ജിപിടി താരതമ്യേന മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ടെന്നുമാണെന്നും ബാർഡ് അവകാശപ്പെട്ടു. 
അതേസമയം, ചാറ്റ്ജിപിടി അടുത്തിടെ അതിന്റെ എ.ഐ സാങ്കേതികവിദ്യ വികസിപ്പിച്ച്  പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ജിപിടി4 മുൻഗാമിയേക്കാൾ സുരക്ഷിതവും കൃത്യവുമാണെന്നും ഓപ്പൺ എഐ വ്യക്തമാക്കിയിരുന്നു. 
ജിപിടി4 എന്നറിയപ്പെടുന്ന പുതിയ മോഡലിന്റെ ഭൂരിഭാഗവും ഇപ്പോൾ പൊതുജനങ്ങൾക്ക് ചാറ്റ്ജിപിടി പ്ലസ് വഴിയും ഓപ്പൺ എഐയുട പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷൻ പ്ലാനിലൂടെയും മൈക്രോസോഫ്റ്റ് ബിംഗ് സെർച്ച് എഞ്ചിന്റെ എ.ഐ പതിപ്പിലൂടെയും ലഭ്യമാണ്.
തങ്ങളുടെസെർച്ച് എഞ്ചിന്റെ ഉപയോഗം കഴിഞ്ഞ ആഴ്ചകളിൽ വർധിച്ചതായും മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. എന്നാൽ ആഗോള സെർച്ച് എഞ്ചിൻ വിപണിയുടെ 85 ശതമാനവും പിടിച്ചെടുക്കുന്ന ഗൂഗിളിന് എത്രയോ പിറകിൽ തന്നെയാണ് ബിംഗ് സെർച്ച് എൻജിന്റെ സ്ഥാനം. 

Latest News