ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലൈംഗിക കടത്തും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും തടയുന്നതിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗും മറ്റു എക്‌സിക്യൂട്ടീവുകളും ഡയറക്ടർമാരും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പുതിയ കേസ്.
ക്രിമിനൽ പ്രവർത്തനത്തിന്റെ വ്യവസ്ഥാപിത തെളിവുകളുണ്ടായിട്ടും അതിനുനേരെ കണ്ണടച്ചുവെന്നും കമ്പനിയുടെയും ഷെയർഹോൾഡർമാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ മെറ്റ നേതൃത്വവും ബോർഡും പരാജയപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. മെറ്റാ ഓഹരികൾ കൈവശമുള്ള നിരവധി പെൻഷൻ, നിക്ഷേപ ഫണ്ടുകളാണ് പരാതി പരസ്യമാക്കിയത്.
പ്രശ്‌നം എങ്ങനെ വേരോടെ പിഴുതെറിയാൻ ശ്രമിക്കുന്നുവെന്ന് വിശദീകരിക്കുന്നതിൽ മെറ്റ ബോർഡ് പരാജയപ്പെട്ടു. ലൈംഗിക, മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും മെറ്റയുടെ പ്ലാറ്റ്‌ഫോമുകളെ ബോധപൂർവ്വം അനുവദിച്ചുവെന്നുവേണം കരുതാനെന്നും ഡെലവെയർ ചാൻസറി കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ ആരോപിക്കുന്നു.
എന്നാൽ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ആരോപണങ്ങൾ മെറ്റ തള്ളി. മനുഷ്യക്കടത്തും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും നിരോധിക്കുന്നതാണ് മെറ്റയുടെ നയമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ കേസിലെ ആരോപണങ്ങൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ചെറുക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണ് ആരോപണങ്ങൾ. മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിനായി തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരെ തടയുകയാണ് ലക്ഷ്യമെന്നും കമ്പനി അവകാശപ്പെടുന്നു.
ഫെയ്‌സ് ബുക്കും ഇൻസ്റ്റയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏറ്റവും ഗുരുതരമായ ഭീഷണികളിലൊന്നാണ് കുട്ടികളുടെ ചൂഷണമെന്ന് കോടീശ്വരനും മെറ്റ സഹസ്ഥാപകനുമായ മാർക്ക് സക്കർബർഗ് 2019 ൽ യു.എസ് കോൺഗ്രസ് മുമ്പാകെ ബോധിപ്പിച്ചിരുന്നു.
മെറ്റ പ്ലാറ്റ്‌ഫോമുകൾ ലൈംഗിക ദുരാചാരങ്ങളുടെ സങ്കേതമാണെന്ന് ദീർഘകാലമായി ആരോപണങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ഇതെല്ലാം കാലിഫോർണിയയിലെ മെൻലോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറ്റ നിഷേധിക്കുന്നു. ഫേയ്‌സ് ബുക്ക് വഴി കുടുങ്ങിയ മൂന്നു പേർക്ക് നിയമനടപടി സ്വീകരിക്കാൻ 2021 ജൂണിൽ ടെക്‌സാസ് സുപ്രീം കോടതി അനുമതി നൽകുമ്പോൾ സുപ്രധാന കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യക്കടത്ത് തടയുന്ന ബാധ്യതയിൽനിന്ന് രക്ഷപ്പെട്ട് നിയമങ്ങളൊന്നും ബാധകമല്ലാത്ത സുരക്ഷിത താവളമായി ഫെയ്‌സ് ബുക്കിന് തുടരാനാകില്ലെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നത്.
കൗമാരക്കാരും ഇളയ കുട്ടികളും ഫെയ്‌സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമകളായി മാനസികാരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയാണെന്ന് നിരവധി കുടുംബങ്ങളാണ് അടുത്തിടെയായി മെറ്റക്കെതിരെ രംഗത്തുവന്നത്. വിവിധ സ്‌കൂൾ അധികൃതർ നൽകിയതടക്കമുള്ള കേസുകളാണ് മെറ്റ നേരിടുന്നത്. പുതിയ കേസ് തികച്ചും വ്യത്യസ്തമാണ്. മെറ്റയുടെ ഷെയർഹോൾഡർമാരാണ് കമ്പനി െഅധികൃതരും ഉദ്യോഗസ്ഥരും ചുമതലകൾ ലംഘിച്ചതായി ആരോപിച്ചിരിക്കുന്നത്.