മുംബൈ-ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയ ലൈവില്‍ നടി ശ്വേത മേനോന്‍. ടിക്കറ്റ് ബുക്ക് ചെയ്ത വിമാനത്തില്‍ യാത്ര ചെയ്യാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അങ്ങനെ ഒരു ഫ്‌ളൈറ്റ് ഇല്ലയെന്ന് വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞുവെന്നും മറ്റ് യാത്രസൗകര്യം ചോദിച്ചപ്പോള്‍ വിമാനക്കമ്പനി ജീവനക്കാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും നടി ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്കുള്ള വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത നടിക്ക് രാത്രിയില്‍ ഫ്‌ളൈറ്റിന്റെ സമയം 1.30തായി പുനഃക്രമീകരിച്ചു എന്ന മെസേജ് ലഭിച്ചു. ഇതെ തുടര്‍ന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആ വിമാനം ഒമ്പത് മണിക്ക് ടേക്ക് ഓഫ് ചെയ്തുവേന്ന് ഇന്‍ഡിഗോയുടെ ജീവനക്കാര്‍ അറിയിച്ചതായി നടി ലൈവ് വീഡിയോയില്‍ പറഞ്ഞു.
'12 മണിക്ക് ബുക്ക് ചെയ്ത ഇന്‍ഡിഗോയുടെ ഫ്‌ളൈറ്റിന്റെ സമയം 1.30ന് മാറ്റിയതായി രാത്രിയില്‍ മെസേജ് അയിച്ചു. അത് പ്രകാരം മുംബൈ എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോള്‍ അങ്ങനെ ഒരു ഫ്‌ളൈറ്റെ ഇല്ല. അത് ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ അംഗീകരിക്കുന്നില്ല. ഇത് ആദ്യമായിട്ടാണ് ഇന്‍ഡിഗോയുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു സമീപനം ഉണ്ടാകുന്നത്. എനിക്ക് നാല് മണിക്ക് ഡോക്ടറുമായി അപ്പോയിന്‍മെന്റുള്ളതാണ്. മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനുള്ളവരും ഈ കൂട്ടത്തിലുണ്ട്...' ശ്വേത ലൈവില്‍ പറഞ്ഞു.
തന്റെ ശരീരത്തിന്റെ പുറംഭാഗത്ത് ഒരു ശസ്ത്രക്രിയയുണ്ടെന്നും അതിനായി നാല് മണിക്ക് ഡോക്ടറെ അടിയന്തരമായി കാണാനുള്ളതാണ്. എന്നാല്‍ ഞാന്‍ 12 മണിക്ക് ബുക്ക് ചെയ്ത വിമാനം ഒമ്പത് മണിക്ക് പോയി എന്ന് വിമാനക്കമ്പനി ജീവനക്കാര്‍ പറഞ്ഞതായും വിമാനക്കമ്പനിക്കെതിരെ ഡിജിസിഎക്ക് എല്ലാവരും പരാതി നല്‍കണമെന്നും നടി ലൈവില്‍ ആവശ്യപ്പെടുന്നു.
അതേസമയം മറ്റൊരു ഫ്‌ളൈറ്റ് സജ്ജമാക്കി തരാമെന്നും വിമാന അധികൃതര്‍ താരത്തിനോട് അറിയിച്ചു. എന്നാല്‍ അത് രാത്രി 7.30നെ ലക്ഷ്യസ്ഥാനത്തെത്തൂ. അല്ലാത്തപക്ഷം വിമാനം ബുക്ക് ചെയ്ത പണം മുഴുവനായി തിരികെ നല്‍കാമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി പണം അടച്ചതിനാല്‍ അതിലൂടെ തന്നെ പണം തിരികെ നല്‍കാന്‍ സാധിക്കുള്ളുയെന്നും ജീവനക്കാര്‍ വ്യക്തമാക്കി. എന്നാല്‍ തനിക്ക് പണം കൈയ്യില്‍ തന്നെ വേണം. കൂടാതെ അധികം തുക നഷ്ടപരിഹാരമായി നല്‍കണം. ഇനി പുതിയ ഒരു ടിക്കറ്റ് എടുക്കാന്‍ പോയാല്‍ ഇതിലും വലിയ തുകയാകുമെന്നും അതിനുള്ള നഷ്ടപരിഹാരമാണ് നല്‍കേണ്ടതെന്നും താരം ജീവനക്കാരോട് പറഞ്ഞു.