തിയേറ്ററിൽ പ്രേക്ഷകരെ ഹരം കൊള്ളിച്ച ഷാരൂഖ് ഖാൻ ചിത്രം പഠാൻ ഇന്ന് മുതൽ ഒ.ടി.ടിയിലും. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഹിന്ദി, തെലുഗു, തമിഴ് ഭാഷകളിൽ ചിത്രം ലഭ്യമാകുമെന്ന് ആമസോൺ പ്രൈം ട്വിറ്ററിൽ അറിയിച്ചു. ആയിരം കോടിയിലധികം രൂപയാണ് പഠാൻ ബോക്‌സോഫീസിൽ നിന്നും നേടിയത്. നാല് വർഷത്തിന് ശേഷം നായകനായുള്ള തിരിച്ചുവരവ് പഠാനിലൂടെ ഷാരൂഖ് ഖാൻ ഗംഭീരമാക്കിയിരുന്നു. ജനുവരി 25 ന് റിലീസായ ചിത്രം ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കലക്ഷൻ ഉൾപ്പെടെ ഒട്ടനവധി റെക്കോഡുകൾ നേടി. ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോൺ എബ്രഹാമും പ്രധാന വേഷങ്ങളിലെത്തിയ പഠാൻ സംവിധാനം ചെയ്തത് സിദ്ധാർഥ് ആനന്ദാണ്.