രജനികാന്തിന്റെ പുതിയ സിനിമയായ കാലയ്ക്ക് നേരെ കര്‍ണാടകയില്‍ പ്രതിഷേധം ആളികത്തുന്നു.വിവിധ കന്നഡ സംഘടനകളുടെ പ്രതിഷേധത്തെതുടര്‍ന്ന് കാലാ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നു വിട്ടുനിന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം തിയറ്ററുകളും. ബെംഗളൂരുവിലെ ചില മള്‍ട്ടിപ്ലക്‌സുകള്‍ ഒഴിച്ച് ബെംഗളൂരുവിലെ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചില്ല.
ബെംഗളൂരുവില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ പോയാണ് ആരാധകരിലേറെയും കാലാ കാണുന്നത്.സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന നൂറിലേറെ തിയറ്ററുകളില്‍ ഇന്നലെ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും തിയറ്ററുടമകള്‍ പ്രദര്‍ശനത്തില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു.
എന്നാല്‍ നഗരത്തിലെ ചില മള്‍ട്ടി പ്ലക്‌സുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.മന്ത്രി, ഓറിയോണ്‍, ലിഡോ മാളുകളിലാണ് ഇന്നലെ സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നു വിതരണക്കാരും തിയറ്റര്‍ ഉടമകളും ഉറപ്പു നല്‍കിയിരുന്നുവെന്നു കന്നഡ ചലുവലി വാട്ടാല്‍പക്ഷ നേതാവ് വാട്ടാല്‍ നാഗരാജ് പറഞ്ഞു.പല തിയറ്ററുകളും പ്രതിഷേധം ലംഘിച്ചും പ്രദര്‍ശനം തുടരുന്ന സാഹചര്യത്തില്‍ തുടര്‍ നടപടി ആലോചിക്കുമെന്നു നാഗരാജ് പറഞ്ഞു. മൈസൂരു, ഹുബ്ബള്ളി, മംഗളൂരു, ബെല്ലാരി എന്നിവിടങ്ങളിലും കന്നഡ രക്ഷണ വേദികെ ഉള്‍പ്പെടെയുള്ളവയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു