ഹൈദരാബാദ്-മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തുവെന്ന ആരോപണവുമായി പ്രമുഖ നടി രംഗത്ത്. 2010ല്‍ പുറത്തിറങ്ങിയ 'വരുഡു'വില്‍ അല്ലു അര്‍ജുന്റെ നായികയായിരുന്ന ഭാനുശ്രീ മെഹ്റയാണ് ആരോപണവുമായി എത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച അല്ലു അര്‍ജുന്‍ തന്നെ ബ്ലോക്ക് ചെയ്തുവെന്നാണ് നടി ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ പങ്കുവച്ചു.
ഞാന്‍ അല്ലു അര്‍ജുനൊപ്പം വരുഡുവില്‍ അഭിനയിച്ചു. എന്നിട്ടും എനിക്ക് പിന്നീടൊരു വര്‍ക്കും ലഭിച്ചില്ല. എന്നാല്‍ എന്റെ പ്രതിസന്ധികളില്‍ നിന്ന് രസം കണ്ടെത്താന്‍ ഞാന്‍ പഠിച്ചു. പ്രത്യേകിച്ചും ഇപ്പോള്‍, നോക്കൂ അല്ലു അര്‍ജുന്‍ എന്നെ ട്വിറ്രറില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. '- എന്ന് നടി സ്‌ക്രീന്‍ഷോട്ടിനൊപ്പം കുറിച്ചു. സംഭവം വാര്‍ത്തയായതിന് പിന്നാലെ അല്ലു അര്‍ജുന്‍ തന്നെ അണ്‍ബ്ലോക്ക് ചെയ്തതായി ഭാനുശ്രീ മറ്റൊരു ട്വീറ്റ് ചെയ്തു. തന്റെ കരിയറിലുണ്ടായ തിരിച്ചടികള്‍ക്ക് അല്ലു അര്‍ജുനെ ഒരിക്കലും കുറ്റുപ്പെടുത്തിയിട്ടില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.