കൊച്ചി - നിരവധി മലയാളം സിനിമകളില്‍ കൊച്ചുകൊച്ചു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയാണ് രമ്യ സുരേഷ്. എന്നാല്‍ എല്ലാ സിനിമകളിലും ദാരിദ്ര്യം പിടിച്ച കഥാപാത്രങ്ങളെയാണ് രമ്യ അവതരിപ്പിക്കുന്നതെന്നും ഇത് സ്ഥിരംവേഷമായി മാറുന്നുവെന്നും ഒരു നിരൂപകന്‍ പറഞ്ഞു. ഇതിനെതിരെ
സംവിധായകന്‍ അഖില്‍ മാരാര്‍ നിരൂപകനെ വിമര്‍ശിച്ചതും വലിയ ചര്‍ച്ചയായി.
എന്നാല്‍ ദാരിദ്ര്യം പിടിച്ച നടി എന്ന പരാമര്‍ശം തന്നെ വേദനിപ്പിച്ചിട്ടില്ലെന്ന് രമ്യ പറഞ്ഞു. എനിക്കത് മോശമാണെന്ന് തോന്നുന്നില്ല. അയാള്‍ അയാളുടെ അഭിപ്രായം പറഞ്ഞു. നിഴല്‍ എന്ന സിനിമ കണ്ടിട്ടാണ് എന്നെ വെള്ളരിപ്പട്ടണത്തിലേക്ക് വിളിക്കുന്നത്. കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന്‍, നിഴല്‍ എന്നീ മൂന്ന് സിനിമകളും കണ്ടിട്ടാണ് മറ്റുള്ളവര്‍ എന്നെ സമീപിക്കുന്നത്. കൊറോണ സമയത്താണ് സിനിമകള്‍ കൂടുതലും ചെയ്തത്. കൊറോണ സമയത്ത് ആറ് മാസം വെറുതെ വീട്ടിലിരുന്നു. അതുകഴിഞ്ഞാണ് സിനിമകള്‍ വന്നത്. അപ്പോള്‍ കിട്ടുന്ന സിനിമകളെല്ലാം ചെയ്യുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ.
എല്ലാത്തിലും ആരെങ്കിലും മരിക്കുമ്പോള്‍ കരയുന്ന കഥാപാത്രങ്ങളാണ്. ഈ സിനിമകളെല്ലാം ഒരുമിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ എനിക്ക് കരയാന്‍ പറ്റില്ല. പത്ത് മാസത്തോളമായി ഞാന്‍ സിനിമ ചെയ്തിട്ട്. സെലക്ടീവാകാന്‍ തുടങ്ങി. അങ്ങനെ ആയപ്പോള്‍ വീട്ടിലിരിക്കുകയാണ്- രമ്യ കൂട്ടിച്ചേര്‍ത്തു.