തിരുവനന്തപുരം- റെയില്‍വെ സ്റ്റേഷനിലെ ശുചിമുറിയില്‍ തന്റെ മൊബൈല്‍ നമ്പര്‍ എഴുതിവെച്ച പ്രതിയെ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തി വീട്ടമ്മ. ഫോണില്‍ നിരന്തരം അശ്ലീല കോളുകള്‍ വന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ വീട്ടമ്മ പരാതി നല്‍കിയതും ഒടുവില്‍ സ്വന്തം നിലയില്‍ തന്നെ പ്രതിയെ കണ്ടെത്തിയതും കൈയക്ഷരം പരിശോധിച്ച് ശാസ്ത്രീയമായി സ്ഥിരീകരിച്ചതും. കേസില്‍ ഡിജിറ്റല്‍ സര്‍വകലാശാല അസി. പ്രൊഫര്‍ അജിത്ത് കുമാറിനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കയാണ്.
വിവാദ കോളുകള്‍വന്ന് അഞ്ചുവര്‍ഷം പിന്നിടുമ്പോഴാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. വീട്ടമ്മയുടെ ഭര്‍ത്താവുമായുള്ള വിരോധത്തന്റെ പേരിലാണ് ഇത്തരത്തിലുള്ള ക്രൂരത കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു. നേരത്തെഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജ്‌മെന്റിലും ഇപ്പോള്‍ ഡിജിറ്റല്‍ സര്‍വകലാശാലയിലും അസി. പ്രൊഫസറായ അജിത്ത് കുമാറിന്റെതാണ് കൈയക്ഷരമാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചതായും അവര്‍ അറിയിച്ചു.
2018 മേയ് നാലിന് രാവിലെ ഒരു ഫോണ്‍ കോള്‍ വന്നതാണ് സംഭവങ്ങളുടെ തുടക്കം. ഫോണ്‍ എടുത്ത ഉടന്‍ തമിഴില്‍ അശ്ലീല സംഭാഷണം തുടങ്ങി. പിന്നീട് നിരവധി കോളുകള്‍ വീട്ടമ്മയുടെ ഫോണിലേക്ക് വന്നു. ഇതിനിടയില്‍ കൊല്ലം സ്വദേശിയായ യുവാവ് വിളിച്ച കോളിലൂടെയാണ് വീട്ടമ്മക്ക് കാര്യങ്ങള്‍ മനസ്സിലായത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ ശുചിമുറിയില്‍ നിങ്ങളുടെ നമ്പര്‍ എഴുതിയിട്ടിണ്ടെന്നും അത് കണ്ടാണ് വിളിച്ചതെന്നും പറഞ്ഞ ആ യുവാവ് വാട്‌സ്ആപ്പില്‍ ചിത്രം എടുത്ത് വീമ്മയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു.
വാട്‌സ്ആപ്പില്‍ ലഭിച്ച ചിത്രത്തിലെ കൈയ്യക്ഷരം പരിചയം തോന്നിയ വീട്ടമ്മ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹി ആയിരുന്ന തന്റെ ഭര്‍ത്താവ് വീട്ടില്‍ വെച്ചിരുന്ന മിനിട്‌സ് ബുക്ക് പരിശോധിച്ചു. സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ ശുചിമുറിയില്‍ എഴുതിയ അതേ കൈയ്യക്ഷരം ഈ പുസ്തകത്തിലും കണ്ടെത്തി.രണ്ട് കൈയ്യക്ഷരവും ബംഗളൂരുവിലെ സ്വകാര്യ ലാബിലേക്ക് അയച്ചു. പരിശോധനാഫലത്തില്‍ രണ്ട് കയ്യക്ഷരവും ഒരാളുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. പോലീസിന്റെ പരിശോധനാ ഫലത്തിലും രണ്ട് കൈയ്യക്ഷരങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)