കോട്ടയം - ക്രൈസ്തവ നേതാക്കളെ ഉൾപ്പെടുത്തി പുതിയ രാഷ്ട്രീയ പാർട്ടിക്ക് ബി.ജെ.പി നീക്കം നടത്തുന്നതിനിടെ തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ബി.ജെ.പിക്ക് കരുത്തായി. കോൺഗ്രസ് മുൻ എം.എൽ.എയും കാഞ്ഞിരപ്പള്ളിക്കാരനുമായ ജോർജ് ജെ. മാത്യുവിനെ മുന്നിൽ നിർത്തിയാണ് ബി.ജെ.പി നീക്കം.
എന്നാൽ സജീവ സാന്നിധ്യമായ നേതാക്കളെ ചേർത്ത് ഇത്തരമൊരു നീക്കം നടത്തിയാൽ മാത്രമേ ഫലപ്രദമാകൂ എന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജ് അഭിപ്രായപ്പെട്ടു. നേരത്തെ എൻ.ഡി.എ മുന്നണിയുടെ ഭാഗമായിരുന്ന തന്റെ പാർട്ടി വീണ്ടും ബി.ജെ.പിയിലേക്ക് എന്ന സൂചനയാണ് ജോർജ് നൽകുന്നത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നു മത്സരിക്കുമെന്ന് ജോർജ് പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ എന്നിവടങ്ങളിൽ ബി.ജെ.പിക്കു വിജയ സാധ്യതയുണ്ടെന്നും ജോർജ് പറയുന്നു.
പാംപ്ലാനിയുടെ പ്രസ്താവനക്കു പിന്നാലെ കത്തോലിക്ക കോൺഗ്രസും പിന്തുണച്ച് എത്തി. പാലായിൽ ചേർന്ന യോഗമാണ് പിന്തുണ അറിയിച്ചത്. റബർവില ഉയർത്തിയാൽ ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്ന മാർ ജോസഫ് പാംപ്ലാനിയുടെ നിലപാടിന് പിന്തുണയുമായി കത്തോലിക്കാ കോൺഗ്രസ്. സമുദായത്തിന്റെ നിലപാട് രാഷ്ട്രീയ നേതാക്കൾ തീരുമാനിക്കേണ്ടതില്ലെന്നും യഥാസമയം യുക്തവും ശക്തവുമായ നിലപാട് സ്വീകരിക്കാൻ സമുദായം സജ്ജമാണെന്നും കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ റബർ കർഷകന് നീക്കിവെച്ച 600 കോടി രൂപയിൽ ഒരു പൈസ പോലും ലഭ്യമാക്കിയില്ല. 250 രൂപ അടിസ്ഥാന വില നൽകുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തെക്കുറിച്ച് മൗനമാണെന്നും കത്തോലിക്കാ കോൺഗ്രസ് കുറ്റപ്പെടുത്തി.
തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന വന്ന ഉടൻ ബിജെപി അതിനെ സ്വാഗതം ചെയ്തു. കോട്ടയം ജില്ല നേതൃത്വം കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണിയെ പ്രസ്താവനയിലൂടെ കടന്നാക്രമിക്കുകയും ചെയ്തു. സഭ വിശ്വാസികൾ ബി.ജെ.പിക്ക് അനുകൂലമായി എന്തെങ്കിലും ഒരു വരി പറഞ്ഞാൽ ജോസ് കെ. മാണിക്ക് പൊള്ളിത്തുടങ്ങുമെന്നായിരുന്നു ബി.ജെ.പി ജില്ല പ്രസിഡന്റ് ജി. ലിജിൻ ലാലിന്റെ പ്രസ്താവന. റബർ വിലയും കർഷകരുടെ പ്രതിസന്ധിയും മൂലമാണ് തലശ്ശേരി ബിഷപ്പ് ഇത്തരത്തിലുളള പ്രതികരണം നടത്തിയതെങ്കിലും അത് ബി.ജെ.പിക്ക് ആവേശം പകർന്നിട്ടുണ്ട്.
റബറിന്റെ വില മുന്നൂറു രൂപയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന് തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്‌ളാനിയുടെ പ്രസ്താവന വലിയ ചർച്ചയായിരിക്കുകയാണ്. ക്രൈസ്തവ നേതാക്കളെ ചേർത്ത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് ബി.ജെ.പി മുൻപ് തന്നെ നീക്കം നടത്തിയിരുന്നു എന്ന സൂചന നിലനിൽക്കേ ബിഷപ്പിന്റെ പ്രസ്താവനയും കൂടിയായതോടെ ഇടതു, വലതു മുന്നണികൾ അങ്കലാപ്പിലായിരിക്കുകയാണ്. കേരളത്തിൽ അക്കൗണ്ട് തുറപ്പിക്കില്ല എന്നു പറയുന്ന നേതാക്കൾക്ക് ക്രൈസ്തവ മേലധ്യക്ഷന്റെ പ്രസ്താവന വലിയ തിരിച്ചടിയാണ്. കർഷക യോഗത്തിലെ 'ബി.ജെ.പി വാഗ്ദാന' പ്രസ്താവനയിൽ ഖേദമില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കിക്കഴിഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയോടാണ് പറയേണ്ടതെന്നും പാംപ്ലാനി പറഞ്ഞു. പ്രസ്താവനക്ക് പിന്നാലെ കർഷക പ്രശ്‌നത്തിന് മാധ്യമ രാഷ്ട്രീയ ശ്രദ്ധ കിട്ടിയതിൽ സന്തോഷം. നേരത്തേ കർഷകരുടെ വിഷമങ്ങൾ ചർച്ചയാകുന്നില്ലായിരുന്നു. ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ എല്ലാം പ്രശ്‌നങ്ങൾ അന്വേഷിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു.
അതേസമയം കേരളത്തിൽ ബി.ജെ.പിക്ക് എം.പിമാരില്ലാത്ത കുറവു പരിഹരിക്കുമെന്നു പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ തലശ്ശേരി ആർച്ച് ബിഷപ്പ് ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. റബർ വില 300 ആക്കിയാൽ ബി.ജെ.പിയെ സഹായിക്കും എന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ ന്യൂനപക്ഷ മോർച്ചയും ബി.ജെ.പിയും സ്വാഗതം ചെയ്തു. റബറിന് 300 രൂപ ആക്കണം എന്ന ആവശ്യം കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും കർഷകരുടെ ആശങ്ക ഗൗരവമായി കാണുമെന്നും ഇവർ അറിയിച്ചു കഴിഞ്ഞു. ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി നിർണായ ശക്തിയാണെന്നും ഭരണകക്ഷിയാണെന്നും കേന്ദ്ര മന്ത്രി വി. മുരളീധരനും വ്യക്തമാക്കിക്കഴിഞ്ഞു. ബി.ജെ.പിയുമായി ക്രൈസ്തവർക്ക് അകൽച്ച വേണ്ടെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്.
സി.പി.എം ക്രൈസ്തവർക്കെതിരായ സംഘപരിവാർ ആക്രമണത്തെ ചൂണ്ടിക്കാട്ടിയാണ് പ്രതിരോധിക്കുന്നത്. എന്നാൽ കത്തോലിക്ക സഭക്ക് സി.പി.എമ്മിനോട് പ്രത്യേകിച്ച് പിണറായി വിജയനോട് അത്ര താൽപര്യമില്ല. നികൃഷ്ട ജീവി പ്രയോഗത്തിലൂടെ മലബാറിലെ ക്രൈസ്തവ നേതാക്കളുടെ അപ്രിയ ലിസ്റ്റിലായിരുന്നു പിണറായി ഏറെക്കാലം. താമരശ്ശേരി രൂപത ബിഷപ്പിനെതിരെയാണ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി നികൃഷ്ട ജീവി പ്രയോഗം നടത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)