ഇന്ത്യൻ ഓഹരി സൂചികയിലെ തകർച്ചയിൽ പണം നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് ഒരു വിഭാഗം നിക്ഷേപകർ. വിപണി പുതിയ താഴ്ചകളിലേക്ക് ഊളിയിടുമെന്ന് മുൻവാരം മലയാളം ന്യൂസ് നൽകിയ സൂചന നൂറ് ശതമാനം ശരിവെച്ചായിരുന്നു നിഫ്റ്റിയുടെ ഓരോ ചലനവും. തകർച്ചയിൽ കഴിഞ്ഞ വാരം സൂചിപ്പിച്ച 16,850 പോയന്റിലേക്ക് കൃത്യമായ സാങ്കേതിക പരീക്ഷണവും വിപണി നടത്തി.
യുഎസ് - യൂറോപ്യൻ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലായത് ഇന്ത്യയെ സ്വാധീനിക്കില്ലെന്നാണ് ആർബിഐ മേധാവിയുടെ വെളിപ്പെടുത്തൽ. എന്നാൽ വിദേശ ഓപറേറ്റർമാരെ ഈ വിവരം സ്വാധീനിക്കാൻ ഇടയില്ല. പിന്നിട്ട വാരം വിദേശ ഫണ്ടുകൾ മൊത്തം 7954 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി 17,412 ൽ നിന്നും 17,529 വരെ ഉയർന്നതിനിടയിലെ പ്രതികൂല വാർത്തകൾ വിദേശ ഓപറേറ്റർമാരെ ഉയർന്ന തലത്തിൽ വിൽപനക്ക് പ്രേരിപ്പിച്ചു. ഇതോടെ സൂചിക ഏകദേശം 680 പോയന്റ് കുറഞ്ഞു. ഇതിനിടയിൽ 17,000 ലെ നിർണായക താങ്ങ് തകർന്ന് 16,850 ലേയ്ക്ക് ഇടിഞ്ഞതോടെ ഷോട്ട് കവറിങിന് ഓപറേറ്റർമാർ മത്സരിച്ച് രംഗത്ത് ഇറങ്ങി. മാർക്കറ്റ് ക്ലോസിങിൽ നിഫ്റ്റി 17,100 ലാണ്. വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും ഓവർ സോൾഡായതിനാൽ പുൾ ബാക്കിന് ഇടയുണ്ട്.
സൂചികയുടെ 200 ദിവസങ്ങളിലെ ശരാശരിയായ 17,450 റേഞ്ചിൽ പ്രതിരോധം രൂപപ്പെടുന്നു. നിഫ്റ്റിയുടെ 50 ആഴ്ചകളിലെ ശരാശരി 17,340 ലാണ്. അതായത് ഈ വാരം 17,340-17,450 മേഖലയിലെ പ്രതിരോധം ഉയരാം. 100 ആഴ്ചകളിലെ മൂവിങ് ആവറേജായ 16,850 ൽ കഴിഞ്ഞ ദിവസം നിഫ്റ്റി പരീക്ഷണം നടത്തി. വീണ്ടും ഒരു തിരുത്തലിന് മുതിർന്നാൽ 16,790 ലേക്ക് നീങ്ങാം.
നിഫ്റ്റി ഫ്യൂച്ചറിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്ക് ഏകദേശം 1.8 ബില്യൺ ഡോളർ മൂല്യമുള്ള ഷോർട്ട് പൊസിഷനുകൾ സൃഷ്ടിച്ചതായി ഒരു വിഭാഗം. ആ വിലയിരുത്തൽ ശരിയാണെങ്കിൽ 16,480 വരെ സാങ്കതികമായി സഞ്ചരിക്കാം. അതേ സമയം ഇത്ര കനത്ത ഷോട്ട് പൊസിഷനുകളിൽ കവറിങിന് നീക്കം നടന്നാൽ ഒരു ബുൾ തരംഗം സൃഷ്ടിക്കാനും വിപണിക്കാവും.
സെൻസെക്‌സ് 59,135 ൽ നിന്നും 59,500 ലേക്ക് ഉയർന്ന് ഇടപാടുകാരെ മോഹിപ്പിച്ചെങ്കിലും ഉണർവിന് അൽപ്പായുസ്സേ ഉണ്ടായുള്ളൂ.
ഈ അവസരത്തിൽ ഉടലെടുത്ത വിൽപന തരംഗം സൂചികയെ 57,158 ലേയ്ക്ക് തളർത്തിയെങ്കിലും വ്യാപാരാന്ത്യം 57,989 പോയന്റിലാണ്.
ഡോളറിന് മുന്നിൽ രൂപ 81.91 ൽ നിന്നും 82.73 ലേയ്ക്ക് ദുർബലമായ ശേഷം 82.50 ലാണ്. രൂപയുടെ ചലനങ്ങൾ പരിശോധിച്ചാൽ 83.40 മൂല്യശോഷണത്തിന് ഇടയുണ്ട്. സ്വർണത്തിലെ നിക്ഷേപ താൽപര്യം ഇരട്ടിച്ചു.
ബാങ്കുകളിലെ തകർച്ചയും ഡോളറിലെ ചാഞ്ചാട്ടവും ഫണ്ടുകളെ സ്വർണത്തിൽ വാങ്ങലുകാരാക്കി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1868 ഡോളറിൽ നിന്നും സ്വർണം 1904 ലെ പ്രതിരോധം തകർത്തതോടെ ഊഹക്കച്ചവടക്കാർ ഷോട്ട് കവറിങിലേയ്ക്ക് തിരിഞ്ഞു.
കവറിങിന് ഒപ്പം പുതിയ ബയ്യിങും ഒത്തുചേർന്നത് 1990 ഡോളർ വരെ സ്വർണത്തെ ഉയർത്തി. ഡെയ്‌ലി, വീക്കിലി ചാർട്ടുകളിൽ സ്വർണം ബുള്ളിഷെങ്കിലും സാങ്കേതികമായി ഓവർ ബ്രോട്ടായതിനാൽ പ്രോഫിറ്റ് ബുക്കിങിനു ഒരു വിഭാഗം രംഗത്ത് ഇറങ്ങാം.