ന്യൂദല്‍ഹി- കോടതിയില്‍ മുദ്രവെച്ച കവറില്‍ വിവരങ്ങള്‍ കൈമാറുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സേനകളില്‍ നിന്നു വിരമിച്ചവര്‍ക്കുള്ള 'ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍' പദ്ധതി സംബന്ധിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഹരജിയില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് അറിയിച്ചുകൊണ്ട് അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. ഒന്നുകില്‍ ഇതു വായിച്ചു കേള്‍പ്പിക്കണമെന്നും അല്ലെങ്കില്‍ തിരിച്ചെടുക്കണമെന്നും അദ്ദേഹം അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ത്യന്‍ എക്‌സ്‌സര്‍വീസ്‌മെന്‍ മൂവ്‌മെന്റ് (ഐഇഎസ്എം) നല്‍കിയ ഹരജി പരിഗണിക്കുന്നത്.
ഞങ്ങള്‍ മുദ്രവച്ച കവറുകളോ രഹസ്യ രേഖകളോ എടുക്കില്ല. വ്യക്തിപരമായി എനിക്ക് ഇതിനോട് എതിര്‍പ്പുണ്ട്. കോടതിയില്‍ സുതാര്യത വേണം. ഇത് ഉത്തരവുകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചാണ്. അതില്‍ എന്താണ് രഹസ്യം? മുദ്രവെച്ച കവര്‍ സമര്‍പ്പിക്കുന്ന രീതി അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സുപ്രീം കോടതി ഇതു പിന്തുടരുകയാണെങ്കില്‍, ഹൈക്കോടതികളും പിന്തുടരും.'' അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. നേരത്ത് മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ വിഷയത്തിലും കേന്ദ്ര സര്‍ക്കാര്‍ മുദ്രവെച്ച കവറിനെ ആശ്രയിച്ചപ്പോള്‍ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
മുദ്രവെച്ച കവറുകള്‍ ജുഡീഷ്യല്‍ തത്ത്വങ്ങള്‍ക്ക് പൂര്‍ണമായും എതിരാണെന്നും ഒരു ഉറവിടമോ ആരുടെയെങ്കിലും ജീവനോ അപകടത്തിലാകുമെങ്കില്‍ മാത്രമേ ഈ രീതി അവലംബിക്കാന്‍ കഴിയൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
'ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍' പദ്ധതിപ്രകാരമുള്ള കുടിശിക സംബന്ധിച്ച ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കുടിശിക നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ബുദ്ധിമുട്ടുകള്‍ കോടതി മനസ്സിലാകുന്നുണ്ടെന്നും എന്നാല്‍ െചയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അറിയണമെന്നും കോടതി വ്യക്തമാക്കി. ഇതിനു പിന്നാലെ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അറ്റോര്‍ണി ജനറല്‍ വായിച്ചു. ബജറ്റ് വിഹിതത്തില്‍നിന്ന് ഒറ്റയടിക്ക് തുക വകയിരുത്താന്‍ സാധിക്കില്ലെന്നും വിഭവങ്ങള്‍ പരിമിതമാണെന്നും ചെലവ് നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍' പദ്ധതിപ്രകാരമുള്ള കുടിശിക മാര്‍ച്ച് 15നു മുന്‍പു നല്‍കണമെന്ന ഉത്തരവു നിലനില്‍ക്കെ, ഇതു 4 ഘട്ടമായി നല്‍കുമെന്നു വിജ്ഞാപനമിറക്കിയ പ്രതിരോധ മന്ത്രാലയത്തെ സുപ്രീം കോടതി കഴിഞ്ഞയാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
മാര്‍ച്ച് 15നു മുന്‍പ് കുടിശിക തീര്‍ക്കണമെന്നു ജനുവരി 9ന് ആണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. ഇതു പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സക്കാര്‍ കോടതിയെ സമീപിച്ചത്. ഇതിനിടെ, തുക നാലു തവണയായി മാത്രമേ നല്‍കാന്‍ കഴിയൂ എന്നു ജനുവരി 20നു വിജ്ഞാപനമിറക്കി. ഇതാണു കോടതിയുടെ അതൃപ്തിക്കിടയാക്കിയത്.