തൃശൂർ - ട്രെയിനിൽ അനധികൃത മദ്യക്കടത്തിനിടെ യുവതി പിടിയിൽ. ആന്ധ്രയിലെ വിജയവാഡ സ്വദേശി ശ്രാവണി(22)യാണ് തൃശൂരിൽ പിടിയിലായത്. യുവതിയിൽ നിന്ന് 279 കുപ്പി മദ്യം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ആർ.പി.എഫ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
ഗോവയിൽനിന്നും വിൽപ്പനയ്ക്കായാണ് മദ്യം കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു. 750 മില്ലി ലിറ്ററിന്റെ 77 കുപ്പിയും 90 മില്ലി ലിറ്ററിന്റെ 202 കുപ്പിയും ഒരു ബാഗിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചതെന്ന് ആർ.പി.എഫിന്റെ ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡ് പറഞ്ഞു. പ്രതിയേയും മദ്യവും റെയിൽവേ പോലീസ് എക്‌സൈസിന് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.