കൊച്ചി - തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് കൊച്ചിയില്‍ സംഘടിപ്പിച്ച പഠന ശിബിരം ഉദ്ഘാടനം ചെയ്യാമെന്നേറ്റ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് വന്നില്ല. മാത്രമല്ല, ബി.ജെ.പിയില്‍നിന്ന് ആരും പരിപാടിയില്‍ പങ്കെടുത്തതുമില്ല. ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്. വിട്ടുനിന്നതിന്റെ കാരണം ബി.ജെ.പി നേതാക്കള്‍ പറഞ്ഞിട്ടില്ല.
ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷറര്‍ അനിരുദ്ധ് കാര്‍ത്തികേയന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ഉള്‍പ്പെടെ വിട്ടുനില്‍ക്കലിനു കാരണമാണെന്ന് അറിയുന്നു. തൃശൂരില്‍ സുരേഷ് ഗോപി സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനെ പരിഹസിച്ചും വിമര്‍ശിച്ചുമായിരുന്നു അനിരുദ്ധിന്റെ കുറിപ്പ്. ബി.ജെ.പി നേതാക്കള്‍ ശിബിരത്തിന് എത്താത്തതില്‍ ബി.ഡി.ജെ.എസിനുള്ള അമര്‍ഷം പല നേതാക്കളും വെളിപ്പെടുത്തുന്നുണ്ട്.
ബി.ജെ.പിയോട് ഇടയുന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം ഇടപെടുന്നുണ്ട്. ബി.ഡി.ജെ.എസ് നേതാക്കളെ ചര്‍ച്ചക്കായി 21നു ദല്‍ഹിയിലേക്കു ബി.ജെ.പി നേതാക്കള്‍ ക്ഷണിച്ചതായാണ് വിവരം. മുന്നണി വിടുന്ന കാര്യം ആലോചിക്കുമെന്നു വരെ സൂചിപ്പിച്ച ബി.ഡി.ജെ.എസ് നേതാക്കളുടെ പരിഭവം തീര്‍ക്കാനുള്ള ചര്‍ച്ചയില്‍ ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തേക്കും.
തൃശൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത സമ്മേളനത്തില്‍ സുരേഷ് ഗോപി സ്വയം സ്ഥാനാര്‍ഥിത്വവും സീറ്റും പ്രഖ്യാപിക്കുന്ന വിധം പ്രസംഗിച്ചതില്‍ ബി.ഡി.ജെ.എസിനു പ്രതിഷേധമുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)