തിരുവനന്തപുരം- ജോലി വാഗ്ദാനത്തിന്റെ പേരില്‍ പണം തട്ടിയെടുത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. സഹകരണ സംഘത്തില്‍ ജോലി നല്‍കാമെന്ന പേരിലാണ് ഇയാളുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുത്തത്. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി രഞ്ജിത്താണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ മുറിയില്‍ രഞ്ജിത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. രഞ്ജിത്തിന്റെ മുറിയില്‍ നിന്ന് പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
ജോലി കിട്ടാനായി രഞ്ജിത് ആറ്റിങ്ങല്‍ കേന്ദ്രമായുള്ള സ്വകാര്യ സ്ഥാപനത്തില്‍ എട്ട് ലക്ഷം രൂപയോളം നല്‍കിയിരുന്നു. കേരള ട്രെഡിഷണല്‍ ഫുഡ് പ്രോസസ്സിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പണം നല്‍കിയതെന്നാണ് പരാതി. 2021 ല്‍ രഞ്ജിത് ചിറയന്‍കീഴ് പോലീസിന് പണം തട്ടിയെന്ന് കാണിച്ച് രഞ്ജിത് പരാതിയും നല്‍കിയിരുന്നു.