തിരുവനന്തപുരം - പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍നിന്ന് സ്പീക്കര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്കി. കേരള പിറവിക്ക് ശേഷമുള്ള അടിയന്തിര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരിക്കുന്നത്. ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തിര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത് ചരിത്രത്തില്‍ ഇത് ആദ്യം.
234 ദിവസം നിയമസഭ സമ്മേളിച്ച 13 മത് കേരള നിയമസഭയില്‍ (ഉമ്മന്‍ ചാണ്ടി മന്ത്രിസഭ) 191 അടിയന്തിര പ്രമേയങ്ങളില്‍ അംഗങ്ങളെ കേള്‍ക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രം. ഒന്നാം പിണറായി സര്‍ക്കാരിന്റെ (14ാം കേരള നിയമസഭ)2016 - 2021 കാലഘട്ടത്തിലെ 174 അടിയന്തിര പ്രമേയ നോട്ടീസില്‍ അംഗത്തിന് സംസാരിക്കാന്‍ അവസരം നല്‍കാതെ തള്ളിയത് വെറും എട്ടെണ്ണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള കാലയളവില്‍ (15 മത് കേരള നിയമസഭ) 8 സമ്മേളനങ്ങളിലായി, ഇത് വരെ കൂടിയ 110 ദിവസങ്ങളിലായി 11 അടിയന്തിര പ്രമേയങ്ങളാണ് അംഗങ്ങള്‍ക്ക് ഒരു വാക്ക് പോലും സംസാരിക്കാന്‍പോലും അവസരമില്ലാതെ തള്ളിയത്. ഇപ്പോള്‍ നടക്കുന്ന എട്ടാമത് സമ്മേളന കാലയളവില്‍ മാത്രം തള്ളിയത് ആറ് അടിയന്തിര പ്രമേയങ്ങള്‍. ഇത് സഭാചരിത്രത്തില്‍ ആദ്യമായിട്ടാണ്
ഇപ്പറയുന്ന ആറ് അടിയന്തിര പ്രമേയങ്ങളും തള്ളിയതാകട്ടെ രാഷ്ടീയ കാരണങ്ങളാലാണ്. ഒരു മാനദണ്ഡവും പാലിക്കപ്പെട്ടില്ലെന്നത് സഭക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
സ്പീക്കര്‍ സര്‍ക്കാരിന്റെ വക്താവായി മാത്രം ചുരുങ്ങരുത്. 2011-2016 ലെ യു.ഡി.എഫ് കാലഘട്ടത്തിലെ സ്പീക്കര്ന്മാര് അടിയന്തിര പ്രമേയങ്ങളോട് കാട്ടിയ മാനദണ്ഡമെങ്കിലും പാലിക്കണം.
എക്സിക്യൂട്ടീവിന് നിയമസഭയോടുള്ള അക്കൗണ്ടബിലിറ്റി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധികളില്‍ ഒന്നാണ് അടിയന്തര പ്രമേയം. അത് പ്രതിപക്ഷത്തിന്റെ സൂപ്രധാന അവകാശങ്ങളില്‍ ഒന്നാണെന്ന കാര്യം സ്പീക്കര്‍ വിസ്മരിക്കരുത്. കേരള പിറവിക്ക് ശേഷം 1200 അടിയന്തിര പ്രമേയങ്ങളില്‍ 32 എണ്ണമാണ് സഭ ചര്‍ച്ചക്കെടുത്തത്. അംഗങ്ങള്‍ക്ക് സംസാരിക്കാര് അവസരം നല്‍കാതെ നിഷേധിച്ചത് നാമമാത്രമാണെന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ അടിയന്തിര പ്രമേയങ്ങള്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും അനുമതിയില്ലാതെ തള്ളിയതിന്റെ റിക്കോര്‍ഡ് ഇനി നിലവിലെ സ്പീക്കര്‍ക്ക് മാത്രം സ്വന്തമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.