നാഗ്പൂര്‍- ഒ. ടി. ടി. കണ്ടന്റുകളില്‍ അധിക്ഷേപകരമായ ഭാഷയും അശ്ലീലപ്രകടനവും നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഒ. ടി. ടി പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സെന്‍സര്‍ഷിപ്പ് ഇല്ലാത്തതിനാല്‍ ഒ. ടി. ടി പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന അവസ്ഥയുണ്ട്. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സെല്‍ഫ് ക്ലാസിഫിക്കേഷന്‍ മാത്രമാണ് ഇപ്പോഴുള്ളത്. സര്‍ഗ്ഗാത്മകതയുടെ പേരില്‍ ദുരുപയോഗം ചെയ്യുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും പ്ലാറ്റ്ഫോമുകള്‍ക്ക് സര്‍ഗ്ഗാത്മകതയ്ക്കാണ് സ്വാതന്ത്ര്യം നല്‍കിയതെന്നും അല്ലാതെ അശ്ലീലത്തിനോ ദുരുപയോഗത്തിനോ അല്ലെന്നും മന്ത്രി പറഞ്ഞു.
ഒ. ടി. ടി. പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് പരാതികള്‍ ലഭിക്കുന്നുണ്ടെങ്കിലും അവയില്‍ 95 ശതമാനം പരാതികളും നിര്‍മ്മാതാക്കളുടെ തലത്തില്‍ തന്നെ പരിഹരിക്കപ്പെടുന്നുണ്ടെന്നും മറ്റുള്ളവ രണ്ടാം ഘട്ടത്തില്‍ റിലീസ് ചെയ്യുന്ന പ്ലാറ്റുഫോമുകളില്‍ പരിഹരിക്കപ്പെടുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. കോവിഡ് സാഹചര്യത്തില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ സിനിമാ വ്യവസായത്തെ നിലനിര്‍ത്തിയത് ഒ. ടി. ടികള്‍ ആണ്. 43 മില്യണ്‍ ആളുകള്‍ ആണ് രാജ്യത്ത് നിലവില്‍ ഒ. ടി. ടി. പ്ലാറ്റ്ഫോമുകളുടെ ഉപയോക്താക്കള്‍. 2023 അവസാനത്തോടെ ഈ കണക്ക് 50 മില്യണ്‍ അടുക്കുമെന്നാണ് റിപ്പോര്‍ട്ട്.