പോങ്യാങ്- അമേരിക്ക ഉള്‍പ്പെടെയുള്ള ശത്രു രാജ്യങ്ങള്‍ക്കെതിരെ പോരാടാന്‍ ഉത്തര കൊറിയയില്‍ എട്ട് ലക്ഷം യുവാക്കള്‍ തയ്യാറാണെന്ന് കിം ജോങ് ഉന്‍. ഔദ്യോഗിക പത്രം റോഡോങ് സിന്‍മയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്ക ഉള്‍പ്പെടെ ഉത്തര കൊറിയയുടെ ശത്രുക്കളെ പൂര്‍ണമായി തുടച്ചുനീക്കുന്നതിന് പുറമേ ഉത്തര- ദക്ഷിണ കൊറിയകളെ ഏകീകരിക്കാനും സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്് പറയുന്നത്.
ഉത്തര കൊറിയയുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നശിപ്പിക്കാനാണ് ശത്രു രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നും കിം ജോങ് ഉന്‍ പറഞ്ഞു.
പുരുഷന്മാര് പത്തു വര്‍ഷവും സ്ത്രീകള്‍ മൂന്നുവര്‍ഷവും നിര്‍ബന്ധമായും സൈനിക സേവനം നടത്തേണ്ട രാജ്യമാണ് ഉത്തര കൊറിയ. കഴിഞ്ഞ ദിവസം അവര്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം നടത്തിയിരുന്നു. യു. എസ്- ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കുള്ള മറുപടിയാണ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണമെന്നാണ് ഉത്തര കൊറിയന്‍ ഭാഷ്യം.