Sorry, you need to enable JavaScript to visit this website.

മമ്മുട്ടിയും കോപ്പിയടിച്ചു, ഒടുവില്‍ ആരോപണങ്ങള്‍ ശരിയെന്ന് സമ്മതിച്ച് 'മമ്മുട്ടി കമ്പനി '

കൊച്ചി :  നടന്‍ മമ്മുട്ടിയുടെ സിനിമാ നിര്‍മ്മാണ കമ്പനിയായ ' മമ്മുട്ടി കമ്പനി 'യുടെ ലോഗോ കോപ്പിയടിച്ചതാണെന്ന ആരോപണത്തില്‍ ശ്രദ്ധക്കുറവുണ്ടായതായി സമ്മതിച്ച് ' മമ്മുട്ടി കമ്പനി '. ഇതോടെ കമ്പനിയുടെ ലോഗോ സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് പിന്‍വലിച്ചു. പുതിയ ലോഗോ ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ അണിയറക്കാര്‍ പറയുന്നത്. ജോസ്മോന്‍ വാഴയില്‍ എന്ന വ്യക്തിയാണ് മമ്മുട്ടി കമ്പനിയുടെ ലോഗോ കോപ്പിയടിയാണെന്ന വാദം ഉയര്‍ത്തിയത്.  മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസ് എന്ന സിനിമ ഗ്രൂപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.  2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകള്‍' എന്ന പുസ്തകത്തിന്റെ കവറില്‍ നല്‍കിയ അതേ ചിത്രമാണ് ' മമ്മുട്ടി കമ്പനി ' തങ്ങളുടെ ലോഗോ ആയി ഉപയോഗിച്ചതെന്നായിരുന്നു ജോസ്‌മോന്‍ വാഴയില്‍ പറഞ്ഞിരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചില ഇമേജ് വെബ് സൈറ്റുകളുടെ പേര് ചൂണ്ടിക്കാട്ടി അതില്‍ ഏതെങ്കിലും ഒന്നില്‍ നിന്നെടുത്ത് ക്രിയേറ്റീവില്‍ തങ്ങളുടെ പേര് എഴുതി ചേര്‍ക്കുക മാത്രമാണ് ' മമ്മുട്ടി കമ്പനി ' ചെയ്തതെന്നും ജോസ്‌മോന്‍ വാഴയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
' സമയത്തിന് മുന്‍പേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാന്‍ഡിംഗിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി ' എന്നാണ് തെറ്റുപറ്റിയെന്ന് സമ്മതിച്ചുകൊണ്ട് ഇതിന് ' മമ്മുട്ടി കമ്പനി ' നല്‍കിയ മറുപടി. മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന 'കണ്ണൂര്‍ സ്‌ക്വാഡ്' ആണ് ' മമ്മൂട്ടി കമ്പനി ' യുടെ പുതിയ ചിത്രം.

 

Latest News