Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യ ശമ്പളം വൈകിപ്പിക്കുന്നു; സമര ഭീഷണിയുമായി പൈലറ്റുമാര്‍

ന്യൂദല്‍ഹി- ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടമായി നിസ്സഹകരണ സമരത്തിലേക്ക് നീങ്ങുന്നു. എയര്‍ ഇന്ത്യ പൈലറ്റുമായുടെ യൂണിയനായ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐസിപിഎ) ആണ് മാനേജമെന്റിനോട് നിസ്സഹകര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള വിതരണം ക്രമപ്പെടുത്തുകയും സാധാരണ നിലയിലാക്കുന്നതുവരെ മാനേജ്‌മെന്റുമായ സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് യൂണിയന്‍ കീഴ്ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് ദല്‍ഹിയില്‍ ചേര്‍ന്ന ഐസിപിഎയുടെ റീജനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഐകകണ്‌ഠ്യേനയാണ് ഈ തീരുമാനമെടുത്തത്. 

ശമ്പളം സമയത്തിനു ലഭിക്കാത്തത് സാമ്പത്തിക ബാധ്യതകളും മാനസിക പിരിമുറുക്കങ്ങളും ഉണ്ടാക്കുന്നു. ഇതു പൈലറ്റുമാരുടെ ശാരീരികമായി തളര്‍ത്തുന്നത് വിമാന സുരക്ഷയെ ബാധിക്കുന്നതാണെന്നും പൈലറ്റുമാര്‍ മുന്നറിയിപ്പു നല്‍കുന്നു. വൈകിയ ശമ്പളത്തെ കുറിച്ചു ഒരു അറിയിപ്പും ലഭിക്കാത്തത് പൈലറ്റുമാരുടെ ദൈനംദിന ജീവിതത്തെ താളംതെറ്റിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എയര്‍ ഇന്ത്യ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്ന പരിഗണ പോലും ഇപ്പോള്‍ സര്‍വീസിലിരിക്കുന്നവര്‍ക്ക് നല്‍കുന്നില്ലെന്നും പൈലറ്റുമാര്‍ ആരോപിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ പരിശീലനത്തിന് പൈലറ്റുമാരെ നിയമിച്ച് മറ്റു പൈലറ്റുമാരുടെ മനോവീര്യം കെടുത്തുന്ന നിലപാടാണ് മാനേജ്‌മെന്റിനുള്ളതെന്നും അവര്‍ ആരോപിച്ചു.

ഏപ്രില്‍ മുതല്‍ എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രയാസത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതാണ് ശമ്പള വിതരണം വൈകാന്‍ കാരണം. പൈലറ്റുമാര്‍ സമരം തുടങ്ങിയാല്‍ മറ്റു യൂണിയനുകളും പിന്തുണയുമായി രംഗത്തെത്താനും സാധ്യത ഏറെയാണ്.
 

Latest News