എടപ്പാള്‍- സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ കാണാന്‍ വരുന്ന യുവാവിനും സുഹൃത്തുക്കള്‍ക്കുമായി കെണിയൊരുക്കി കാത്തിരുന്നവര്‍ക്ക് കാര്‍ മാറിപ്പോയി.
യുവാവ് വരുന്ന വിവരം അറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ കാത്തിരുന്ന് ആക്രമിച്ചത് മറ്റൊരു കാറില്‍ യാത്ര ചെയ്തവരെ ആയിരുന്നു. എടപ്പാള്‍ ജംഗ്ഷനിലാണ് സംഭവം. എടപ്പാള്‍ സ്വദേശിനിയായ യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോട് ഫോണില്‍ വിളിച്ച് എടപ്പാളില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. താനും സുഹൃത്തുക്കളും വരുന്നത് ചുവപ്പു നിറമുള്ള പോളോ കാറില്‍ ആണെന്ന് യുവതിയോട് ഇവര്‍ പറഞ്ഞിരുന്നു. ഈ വിവരം അറിഞ്ഞ യുവതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും എടപ്പാളില്‍ കാത്തു നിന്നു. ഇവര്‍ക്ക് മുന്നിലൂടെ കടന്നു പോവുകയായിരുന്ന ചുവന്ന സ്വിഫ്റ്റ് കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ തല്ലുകയായിരുന്നു. കാര്യമെന്തെന്നറിയാതെ പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടി സ്വദേശികളായ കാര്‍ യാത്രക്കാര്‍ വിവരം ചോദിച്ചെങ്കിലും സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എരമംഗലം സ്വദേശികളായ യുവാക്കളാണ് കാറ് തടഞ്ഞുനിര്‍ത്തി ആളുമാറി ആക്രമണം നടത്തിയത്. പരിക്കേറ്റ കാര്‍ യാത്രക്കാരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവരം അറിഞ്ഞെത്തിയ പോലീസ് പരിക്കേറ്റവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അക്രമികളെപ്പറ്റി സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)