രജനിചിത്രം കാലാ തിയേറ്ററുകളില്‍ മികച്ച പ്രതികരണം സൃഷ്ടിച്ചു. നടന്‍ ധനുഷും ഭാര്യ ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രജനികാന്തിന്റെ സിനിമ എന്നതിനേക്കാള്‍ സംവിധായകന്റെ സിനിമയെന്നാണ് പലരും പറയുന്നത്. ഒരു ഭാഗത്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയും മറ്റൊരു ഭാഗത്ത് പാ രഞ്ജിത്തിന്റെ സ്‌റ്റൈല്‍ ഉള്‍പ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. സമകാലിക വിഷയത്തിലൂടെ കടന്നുപോകുന്നതിനാല്‍ പ്രേക്ഷകരില്‍ നിന്ന് ചിത്രം വ്യതിചലിക്കുന്നില്ല.
ചിത്രത്തിന്റെ ആദ്യഭാഗം അല്‍പം ഇഴഞ്ഞാണെന്ന് അഭിപ്രായമുള്ളവരുണ്ട്. എന്നാല്‍ രണ്ടാം ഭാഗവും ക്ലൈമാക്‌സും ഇതിനെ മറികടക്കുന്നു. സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നുണ്ട്.
ഹുമാ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണന്‍ ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റര്‍.