Sorry, you need to enable JavaScript to visit this website.

ചാറ്റ്ജിപിടിയുടെ ബുദ്ധി വളർന്നു; ഇനി ജിപിടി-4

റഫ്രിജറേറ്ററിന്റെ ഉൾചിത്രം അയച്ചാൽ അതിലെ സാധനങ്ങളെ കുറിച്ചും ആ ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളെ കുറിച്ചും അടുത്ത ഘട്ടത്തിൽ ജിപിടി-4 പറയും. 

ലോകത്തെങ്ങും സ്വീകാര്യത നേടിയ ചാറ്റ്ജിപിടിയുടെ പോരായ്മകൾ പരിഹരിച്ചുവെന്ന് അവകാശപ്പെട്ട് അതിനു പിന്നിലെ കമ്പനിയായ ഓപൺഎഐ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി. ചാറ്റ്ജിപിടിയെ കൂടുതൽ സുരക്ഷിതവും കൃത്യവുമാക്കിയിരിക്കയാണെന്നാണ് കമ്പനിയുടെ അവകാശവാദം. ആവശ്യപ്പെടുന്നതിനനുസരിച്ച് പ്രബന്ധങ്ങളും കവിതകളും കമ്പ്യൂട്ടർ കോഡുകളുമെഴുതി വിസ്മയം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ അപ്‌ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു ലോകം. 
അരിയെത്ര ചോദ്യത്തിന് ചിലപ്പോഴെങ്കിലും പയറഞ്ഞാഴി ഉത്തരം നൽകിയതും പല ചോദ്യങ്ങൾക്കും ഉത്തരം മുട്ടിയതും ആദ്യത്തെ അവകാശവാദങ്ങളെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. പലപ്പോഴും ചോദ്യകർത്താക്കളെ ചാറ്റ്ജിപിടി പരിഹസിക്കുകയും ചെയ്തു.  ചാറ്റ്ജിപിടി ആപ്പിനു പിന്നിലെ നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ അപ്‌ഡേറ്റ് ചെയ്തുവെന്നാണ് ഓപ്പൺഎഐയുടെ പുതിയ അറിയിപ്പ്. 
നവംബർ അവസാനത്തോടെയാണ് വൻസ്വീകാര്യത നേടി ചാറ്റ്ജിപിടി രംഗത്തുവന്നത്. അതിനുശേഷം ജിപിടി-നാലിനായി കാത്തിരിക്കയായിരുന്നു സാങ്കേതിക ലോകം.  
അക്കാദമിക് രംഗത്തും പ്രൊഫഷണൽ രംഗത്തും ചില കാര്യങ്ങളിലെങ്കിലും മനുഷ്യർക്ക് സമാനമായ പ്രകടനം കാഴ്ച വെക്കുന്ന തരത്തിലേക്കാണ് ചാറ്റ്ജിപിടിയെ വികസിപ്പിച്ചിരിക്കുന്നതെന്നും അതാണ് ജിപിടി-4 എന്നും ഓപ്പൺ എഐ അവരുടെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഡീപ് ലേണിംഗ് വികസിപ്പിക്കാൻ ഓപ്പൺഎഐ നടത്തുന്ന ശ്രമങ്ങളിൽ മറ്റൊരു നാഴികക്കല്ലാണിതെന്നും കമ്പനി പറഞ്ഞു. 
നേരത്തെ പുറത്തിറക്കിയ പതിപ്പുകളേക്കാൾ കൃത്യമായ മറുപടികൾ നൽകാനും ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും കൂടുതൽ ക്രിയേറ്റീവായി ഇടപെടാനും ജിപിടി-4 ന് സാധിക്കും. മെച്ചപ്പെട്ട സഹകരണവും സർഗാത്മകതയും പുതിയ ജിപിടി-4ൽനിന്ന് പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നത്. 
ജിപിടി-4 ൽനിന്നുള്ള ടെക്‌സ്റ്റ് പ്രതികരണങ്ങൾ കൂടുതൽ കൃത്യതയുള്ളതായിരിക്കും. ചിത്രങ്ങളും ടെക്സ്റ്റുകളും സംയോജിപ്പിച്ചുകൊണ്ടുള്ള വലിയൊരു കുതിച്ചുചാട്ടവും സമീപഭാവയിൽതന്നെ പ്രതീക്ഷിക്കാം.  ഈ വശം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും സാങ്കേതികവിദ്യയുടെ വലിയ കുതിച്ചുചാട്ടമായിരിക്കും അതെന്ന് പറയുന്നു. റഫ്രിജറേറ്ററിന്റെ അകം കാണുന്ന ഒരു ചിത്രം അയച്ചാൽ അതിൽ എന്തൊക്കെയാണ് ഉള്ളതെന്ന് മാത്രമല്ല, ആ ചേരുവകൾ ഉപയോഗിച്ച് എന്താണ് തയ്യാറാക്കാൻ കഴിയുകയെന്നും ജിപിടി-4 പറഞ്ഞുതരുമെന്നതാണ് ഇതിനുള്ള ഉദാഹരണം. 
അടുത്ത മുന്നേറ്റത്തിനായി ബീ മൈ ഐസ് എന്ന കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഓപ്പൺ എ.ഐ അറിയിച്ചു.
പുതിയ മോഡലിലെ ഭൂരിഭാഗവും പൊതുജനങ്ങൾക്ക് ചാറ്റ്ജിപിടി പ്ലസ് വഴി ഇപ്പോൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഓപ്പൺ എഐ പെയ്ഡ് സബ്‌സ്‌ക്രിപ്ഷനും നിർമതി ബുദ്ധി സഹായത്തോടെയുള്ള മൈക്രോസോഫ്റ്റിന്റെ ബിംഗ് സെർച്ച് എഞ്ചിനും ഉപയോക്താക്കളുടെ പരീക്ഷണ ഘട്ടത്തിലാണ്. 
ഓപ്പൺഎഐയെ മൈക്രോസോഫ്റ്റാണ് പിന്തുണക്കുന്നത്. ഗവേഷണ കമ്പനിക്ക് ധനസഹായമായി ബില്യൺ കണക്കിന് ഡോളർ നൽകുമെന്ന് ഈ വർഷം ആദ്യം മൈക്രോസോഫ്റ്റ് പറഞ്ഞിരുന്നു.
വിൻഡോസ് നിർമ്മാതാക്കളായ മൈക്രോസോഫ്റ്റ് പുതിയ സാങ്കേതികവിദ്യയെ അതിന്റെ ബിംഗ് സെർച്ച് എഞ്ചിൻ, എഡ്ജ് ബ്രൗസർ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയിലേക്ക് വേഗത്തിൽ സംയോജിപ്പിക്കുകയും ചെയ്തു. 
മൈക്രോസോഫ്റ്റ് അതിവേഗത്തിൽ ചാറ്റ്ജിപിടിയെ ഉപയോഗപ്പെടുത്തിയത് ഗൂഗിളിനെ പിറകിലാക്കുകയും വലിയ മത്സരത്തിന്റെ സാധ്യത തുറക്കുകയും ചെയ്തു. ഇതോടെ നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ സ്വന്തം പതിപ്പുകൾ ഗൂഗിൾ പ്രഖ്യാപിച്ചു, ആമസോൺ, ബൈഡു, മെറ്റ എന്നിവയും പിന്നോക്കം പോകാതിരിക്കാൻ കരുതലോടെ നീങ്ങുകയാണ്. 
ചാറ്റ്ജിപിടിയിൽനിന്ന് ഉപയോക്താക്കൾക്ക് നുണകളും അവഹേളനങ്ങളും നേരിടേണ്ടി വന്ന ദുരനുഭവം പുതിയ പതിപ്പിൽ ഉണ്ടാകില്ലെന്നാണ് ഓപ്പൺ എഐ അവകാശപ്പെടുന്നത്. 
ചാറ്റ്ജിപിടിയിൽനിന്നും ബിംഗിന്റെ ചാറ്റ്‌ബോട്ടിൽനിന്നും കൃത്യമായ ഉത്തരങ്ങളല്ല ലഭിക്കുന്നതെന്നും നുണകളും പരിഹാസവുമാണ് നേരിടേണ്ടിവരുന്നതെന്നും വ്യാപക പരാതികളുണ്ടായിരുന്നു. മുൻ ചാറ്റ്‌ബോട്ടിനെ അപേക്ഷിച്ച് പുതിയ പതിപ്പ് പാളം തെറ്റാനുള്ള സാധ്യത വളരെ കുറവാണെന്ന് ഓപ്പൺഎഐ വ്യക്തമാക്കി.  
സുരക്ഷിതവും കൂടുതൽ കൃത്യവുമാക്കാനാണ് ജിപിടി-4 നുവേണ്ടി ആറുമാസം ചെലവഴിച്ചത്. അനുവദനീയമല്ലാത്ത ഉള്ളടക്കത്തിനായുള്ള അഭ്യർത്ഥനകളോട് ജിപിടി-4 പ്രതികരിക്കാനുള്ള സാധ്യത 82 ശതമാനം കുറവാണ്. കൂടാതെ പ്രതികരണങ്ങൾ വസ്തുതാപരമായി തന്നെ നൽകാനുള്ള  സാധ്യത 40 ശതമാനം കൂടുതലാണ്- ഓപ്പൺ എഐ പറഞ്ഞു. അതേസമയം, ചാറ്റ്ജിപിടി സ്ഥാപകനായ സാം ആൾട്ട്മാൻ മുൻകൂർ ജാമ്യമെടുത്തിട്ടുമുണ്ട്.  വലിയ പ്രതീക്ഷകൾക്കിടയിലും, ജിപിടി-4 പിഴവുകൾ വരുത്താമെന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും  ജിപിടി-4 കൂടുതൽ ശ്രദ്ധേയമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 
അൽഗോരിതത്തിന്റെ ശക്തി വർധിക്കുമെങ്കിലും ഇതൊരു രണ്ടാം വിപ്ലവമല്ലെന്നാണ് ഫ്രഞ്ച് എഐ സ്റ്റാർട്ടപ്പായ ഇല്ലുയിൻ ടെക്‌നോളജിയുടെ സിഇഒ റോബർട്ട് വെസോളിന്റെ പ്രതികരണം. ഓപ്പൺഎഐ സ്വീകരിച്ച സുരക്ഷാ നടപടികളെ വെസോൾ ചോദ്യം ചെയ്യുന്നു. കൂടുതൽ ലജ്ജാകരമായ പ്രതികരണങ്ങൾ ഒഴിവാക്കാൻ കമ്പനി അതിന്റെ നിർമിത ബുദ്ധിയിലെ സംസാരം അമിതമായി നിയന്ത്രിക്കുകയാണെന്ന് ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ വിമർശനം ശ്രദ്ധേയമായിരുന്നു. 
അജ്ഞാത വിഷയങ്ങളിൽ പ്രതികരണങ്ങൾ തടയാൻ ഒരു എഐബോട്ട്  വേണോ എന്ന് എനിക്കറിയില്ല.  ഞാൻ പുകവലിക്കണോ വേണ്ടയോ എന്ന് നിർമിത ബുദ്ധി തീരുമാനിക്കണോയെന്നും വെസോൾ ചോദിക്കുന്നു. 
ജിപിടി-4 പങ്കാളിത്ത കമ്പനികളിൽ മോർഗൻ സ്റ്റാൻലിയും ഉൾപ്പെടുന്നു. ബാങ്കർമാരെയും ഇടപാടുകാരേയും സഹായിക്കാൻ മോർഗൻ സ്റ്റാൻലി നിർമിത ബുദ്ധി ഉപയോഗിക്കും. വെൽത്ത് മാനേജ്‌മെന്റിലെ ഏറ്റവും അറിവുള്ള വ്യക്തിയെ പോലെ നിങ്ങൾക്കും തൽക്ഷണം വിജ്ഞാനം ലഭിക്കണമെന്ന് മോർഗൻ സ്റ്റാൻലിയുടെ ജെഫ് മക്മില്ലൻ പ്രസ്താവനയിൽ പറഞ്ഞു.ഓൺലൈൻ പഠന രംഗത്ത  ഭീമനായ ഖാൻ അക്കാദമിയും തട്ടിപ്പുകൾ തടയുന്നതിനും മറ്റും നിർമിത ബുദ്ധി ഉപയോഗിക്കുന്ന സാമ്പത്തിക ആപ്പായ സ്‌ട്രൈപ്പും  ജിപിടി4 പങ്കാളികളിൽ ഉൾപ്പെടുന്നു.

Latest News