ഹൈദരാബാദ്-തൊപ്പി വെച്ച മുസ്‌ലിമുള്ള രംഗം ഒഴിവാക്കിയില്ലെങ്കില്‍ തിയേറ്റര്‍ കത്തിക്കുമെന്ന് ഒരു ബി.ജെ.പി നേതാവ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി രാജമൗലി. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ സിനിമയാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം ഈ വര്‍ഷത്തെ മികച്ച ഒറിജിനല്‍ സോംഗിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സംഗീത സംവിധായകന്‍ എം.എം കീരവാണി ഒരുക്കിയ ഗാനത്തിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
റിലീസിന് മുമ്പ് തന്നെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് വലിയ ഭീഷണികളാണ് നേരിടേണ്ടി വന്നതെന്ന് അടുത്തിടെ സൈറ്റ് ആന്‍ഡ് സൗണ്ടിന് നല്‍കിയ അഭിമുഖത്തില്‍ രാജമൗലി വെളിപ്പെടുത്തിയിരുന്നു. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ തൊപ്പി ധരിച്ച് മുസ്‌ലിമായി എത്തുന്ന രംഗമുണ്ട്. ഈ ഷോട്ട് നീക്കം ചെയ്തില്ലെങ്കില്‍ തിയേറ്ററുകള്‍ കത്തിക്കുമെന്നും പൊതുസ്ഥലത്ത് വെച്ച് തന്നെ മര്‍ദ്ദിക്കുമെന്നും ഒരു തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് രാജമൗലി പറഞ്ഞു.
വലതുപക്ഷത്ത് നിന്ന് മാത്രമല്ല, ഇടതുപക്ഷത്ത് നിന്നും ആര്‍ആര്‍ആറിനെതിരെ പ്രചാരണം നടന്നിരുന്നുവെന്ന് രാജമൗലി വ്യക്തമാക്കി. താന്‍ ഹിന്ദു ദേശീയവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, തീവ്രമായ ആളുകളെ താന്‍ ഇഷ്ടപ്പെടുന്നില്ല. എന്തുകൊണ്ടാണ് ഒരു കഥാപാത്രം തൊപ്പി ധരിക്കുന്നതെന്ന് ചിന്തിക്കാനുള്ള ക്ഷമ പോലും ഇത്തരക്കാര്‍ കാണിക്കുന്നില്ല. ഇവരെല്ലാം തീവ്ര ദേശീയവാദികളോ കപട പുരോഗമനവാദികളോ ആകാം. ഈ രണ്ട് സംഘത്തിലും ഉള്‍പ്പെടാതിരിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു.
രണ്ട് ഇന്ത്യന്‍ വിപ്ലവകാരികളുടെ ജീവിതം ആസ്പദമാക്കിയുള്ള സാങ്കല്‍പ്പിക കഥയാണ് ആര്‍ആര്‍ആര്‍ എന്ന ചിത്രം പറയുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയുമായി എത്തിയ ആര്‍ആര്‍ആര്‍ പ്രതീക്ഷ തെറ്റിച്ചില്ല. 2022 മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 1200 കോടി രൂപയിലധികമാണ് നേടിയത്.