മുംബൈ- പ്രവാചക നിന്ദ വിവാദത്തിനു പിന്നാലെ അമരാവതിയില്‍ ഫാര്‍മസിസ്റ്റ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വെറ്ററിനറി ഡോക്ടറുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).
പ്രാവാചക നിന്ദയെ തുടര്‍ന്ന് ബി.ജെ.പിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ട്ടി നേതാവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് കോല്‍ഹെ പോസ്റ്റ് ചെയ്ത സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തതും മറ്റുള്ളവരെ ആക്രമണത്തിനു പ്രേരിപ്പിച്ചതും പ്രതിയായ യൂസഫ് ഖാനാണെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ എന്‍ഐഎ അറിയിച്ചു.
മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കിട്ട കോല്‍ഹെ 2022 ജൂണ്‍ 21 നാണ് കിഴക്കന്‍ മഹാരാഷ്ട്രയിലെ അമരാവതി നഗരത്തില്‍ കൊല്ലപ്പെട്ടത്.
പ്രവാചകനെ അപമാനിച്ചതിന് പ്രതികാരം ചെയ്തതാണെന്ന് കേസില്‍ പത്ത് പേരെ അറസ്റ്റ് ചെയ്ത എന്‍.ഐ.എ ബോധിപ്പിച്ചു. പ്രതിയായ യൂസുഫ് ഖാന്‍ അഭിഭാഷകന്‍ ഷെഹ്‌സാദ് നഖ്‌വി മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ താന്‍ തബ് ലീഗ് ജമാഅത്ത് അംഗമല്ലെന്നും തനിക്കെതിരെ ഒരു തെളിവും ഇല്ലെന്നും അവകാശപ്പെട്ടു. പ്രതി തബ് ലീഗ് ജമാഅത്ത് അംഗമാണെന്ന് എന്‍ഐഎ അവകാശപ്പെട്ടിരുന്നു.
ഗൂഢാലോചനയിലും കുറ്റകൃത്യം നടപ്പാക്കിയതിലും ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. കോല്‍ഹെയുടെ സന്ദേശത്തില്‍ രോഷാകുലനായ ഖാന്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് കലീം ഇബ്രാഹിം എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രേരണാ സന്ദേശവുമായി ഫോര്‍വേഡ് ചെയ്തു. ഈ ഗ്രൂപ്പില്‍ സഹപ്രതി ഇര്‍ഫാന്‍ ഖാന്‍ സജീവ അംഗമാണെന്നും അഡ് മിനാണെന്നും എന്‍.ഐ.എ പറയുന്നു.
യൂസഫ് ഖാന്‍ ഇത് മറ്റ് പല വ്യക്തികള്‍ക്കും കൈമാറുകയും മറ്റൊരു കൂട്ടുപ്രതി ആതിബ് റാഷിദിനെ സമീപിക്കുകയും കോല്‍ഹെയോട് പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും എന്‍.ഐ.എ ബോധിപ്പിച്ചു.
ബറേല്‍വി വിഭാഗത്തെ പിന്തുടരുന്ന താന്‍ സുന്നി മുസ്ലിമാണെന്നും തബ്ലീഗി ജമാത്തിന്റെ പ്രത്യയശാസ്ത്രം അതിന് വിരുദ്ധമാണെന്നും വരുത്തി തീര്‍ക്കാനാണ് പ്രതി കോടതിയില്‍ ബോധപൂര്‍വം ശ്രമിക്കുന്നതെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു.യൂസുഫ് ഖാന്റെ ജാമ്യാപേക്ഷ മാര്‍ച്ച് 24ന് കോടതി പരിഗണിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)