ഗൂഗിൾ ഓരോ വർഷവും ആൻഡ്രോയിഡ് പതിപ്പുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും ഉപയോക്താക്കളിൽ ആറു ശതമാനം പേർ മാത്രമേ ഉപയോഗിക്കാറുള്ളൂവെന്ന് ആപ്പിൾ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് ക്രായിഗ് ഫെഡറൈറ്റ്.
ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തവേയാണ് ഗൂഗിളിനുള്ള കൊട്ട്.
ആപ്പിൾ കമ്പനിയിൽ ഐ.ഒ.എസ്, മാക് ഒ.എസ് എൻജിനീയറിംഗ് സംഘങ്ങൾക്ക് നേതൃത്വം നൽകുന്നത് ക്രായിഗാണ്. കണക്കുകൾ നിരത്തിയാണ് ഗൂഗിളിനെയും ആൻഡ്രോയിഡിനേയും ചെറുതാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമർശം. ആപ്പിളിന്റെ നിലവിലുള്ള ഉപയോക്താക്കളിൽ 81 ശതമാനവും ഐ.ഒ.എസ് 11 ആണ് ഉപയോഗിക്കുന്നത്. എന്നാൽ ആൻഡ്രോയിഡ് ഈയിടെ റിലീസ് ചെയ്ത ഒറിയോ ഇൻസ്റ്റാൾ ചെയ്തത് ആറു ശതമാനം പേർ മാത്രമാണെന്ന് ക്രായിഗ് പറഞ്ഞു. പുതിയ പതിപ്പ് ഇറക്കിയിട്ടും ബഹുഭൂരിഭാഗം ആൻഡ്രോയിഡ് ഉപയോക്താക്കളും അത് ഉപയോഗക്കുന്നില്ലെന്നർഥം.
ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്ന ഐ.ഒ.എസ് 12 ഓപറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയാൽ അത് ഐഫോൺ 5 എസ് മുതലുള്ള എല്ലാ ഫോണുകളിലും ഉപയോഗിക്കാൻ കഴിയും. സുരക്ഷാ അപ്‌ഗ്രേഡ് അടക്കം ഐ.ഒ.എസ് 12 ൽ ഉൾപ്പെടുത്തുന്ന എല്ലാ ഫീച്ചറുകളും അഞ്ച് വർഷം പഴക്കമുള്ള ഐഫോൺ എസ് 5 ലും ലഭ്യമാകും.
അതേസമയം, ഏറ്റവും പുതിയ ഒറിയോക്ക് ആറ് ശതമാനം ആൻഡ്രോയിഡ് ഉപയോക്താക്കളെ മാത്രമേ ഗൂഗിളിനു നേടാനായുള്ളൂ. ബഹുഭൂരിഭാഗം ആൻഡ്രോയിഡ് ഉപയോക്താക്കളും ഇപ്പോഴും ആൻഡ്രോയിഡ് 7 നൗഗാട്ട് അല്ലെങ്കിൽ മാർഷമല്ലോ 6 ആണ് ഉപയോഗിക്കുന്നത്.
അതേസമയം വിപണിയിൽ ചെലവാകുന്ന ഫോണിന്റെ കണക്ക് മറച്ചുവെച്ചാണ് ഗൂഗിളിനെ ഇകഴ്ത്താനുള്ള ആപ്പിളിന്റെ ശ്രമം.
സ്മാർട്ട്‌ഫോണുകളുടെ മത്സരത്തിൽ ആൻഡ്രോയിഡിനാണ് 80 ശതമാനം വിപണി. സ്വന്തം ഫോണുകളും സോഫ്റ്റ്‌വെയറകളും നിർമിക്കുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ അടിച്ചേൽപിക്കുക എളുപ്പമാണ്. ഐഫോണുകളിലും ഐ.ഒ.സുകളിലും കമ്പനിക്ക് തന്നെയാണ് നിയന്ത്രണം. അഞ്ച് വർഷം പഴക്കമുള്ള ഐഫോൺ 5 എസാണ് ആപ്പിൾ ഇപ്പോഴും അപ്‌ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുന്നത്.