VIDEO സീരിയല്‍ കില്ലറെ പോലെ ബീഹാറില്‍ സീരിയല്‍ കിസ്സര്‍, യുവതികള്‍ ഭീതിയില്‍

പട്‌ന- സീരിയല്‍ കില്ലറെ പോലെ  ബീഹാറില്‍ സീരിയല്‍ കിസ്സര്‍ ഇറങ്ങിയെന്ന വാര്‍ത്തകളെ തുടര്‍ന്ന് യുവതികളും പെണ്‍കുട്ടികളും ചുംബനപ്പേടിയില്‍.
ഒളിഞ്ഞിരിക്കുന്ന അജ്ഞാതന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ഞൊടിയിടയില്‍ ചുറ്റിപ്പിടിച്ച് ചുണ്ടുകളില്‍ ചുംബിച്ച ശേഷം കടന്നുകളയുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. പോലീസില്‍ പരാതികള്‍ എത്തിയിട്ടും അജ്ഞാതനെ പിടികൂടാനായിട്ടില്ല. സീരിയല്‍ കില്ലറെ പോലെ സിരിയല്‍ കിസ്സറെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ നിറയുകയാണ്. ഇതിനുപിന്നാലെ അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിക്കുന്നു.
ബീഹാറിലെ ജാമുയി ജില്ലയിലെ സദര്‍ ഹോസ്പിറ്റലിന് സമീപത്ത് വച്ച് അടുത്തിടെ  ആരോഗ്യ പ്രവര്‍ത്തകയെ അജ്ഞാതന്‍ ബലമായി ചുംബിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. മാര്‍ച്ച് 10 നാണ് ആരോഗ്യ പ്രവര്‍ത്തക ആക്രമിക്കപ്പെട്ടത്. എന്നാല്‍ ഇതുവരെ പ്രതിയെ പിടികൂടാനായില്ല. ആശുപത്രിയുടെ മതില്‍ ചാടിക്കടന്നെത്തുന്ന അജ്ഞാതന്‍ ആരോഗ്യ പ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്നതും, യുവതി നിലവിളിക്കുമ്‌ബോള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതുമാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് യുവതി പലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് കേസ് അന്വേഷിക്കുകയാണെന്ന് ഡിഎസ്പി അഭിഷേക് കുമാര്‍ സിംഗ് പറഞ്ഞു. പ്രഥമദൃഷ്ട്യാ ഇരുവരും തമ്മില്‍ ബന്ധത്തിലാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അജ്ഞാതര്‍ പിന്നില്‍ നിന്ന് വന്ന് വായില്‍ അമര്‍ത്തുകയായിരുന്നുവെന്നും അയാളെ അറിയില്ലെന്നുമാണ് യുവതി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.  സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യം ഇന്റര്‍നെറ്റില്‍ വൈറലായതോടെ ശക്തമായ നടപടി ആവശ്യപ്പെട്ട് ധാരാളം പേര്‍ രംഗത്തുവന്നു.

 

Latest News