ന്യൂദല്‍ഹി - കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. പോള്‍ എം. ജോര്‍ജിന്റെ സഹോദരന്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് നല്‍കിയ ഹരജിയിലാണ് സി.ബി.ഐ സത്യവാങ്മൂലം.
ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരെയാണ് കൊലക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്. ജീവപര്യന്തം ശിക്ഷ 2019ലാണ് ഹൈക്കോടതി റദ്ദാക്കിയത്. മറ്റു വകുപ്പുകളിലുള്ള ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ പ്രതികള്‍ പുറത്തിറങ്ങി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. രണ്ടാം പ്രതി കാരി സതീശ് അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല.
പോള്‍ എം. ജോര്‍ജിന്റെ സഹോദരന്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് നല്‍കിയ ഹരജിയില്‍ നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ കണക്കിലെടുക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നാണ് സി.ബി.ഐയുടെ പ്രധാന വാദം.
കേരളം നടുങ്ങിയ കൊലപാതകമായിരുന്നു ഇത്. അതിസമ്പന്നരായ മുത്തൂറ്റ് ഗ്രൂപ്പിലെ പ്രധാനിയെ റോഡരികില്‍ ഗുണ്ടാസംഘം കുത്തിക്കൊല്ലുക. അതും കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പോളിെനാപ്പം വണ്ടിയില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ. കേസിലെ പ്രതികള്‍ ജീവപര്യന്തം ശിക്ഷയില്‍ നിന്നു ഊരി പോയതോടെ സംശയങ്ങളും ചോദ്യങ്ങളും വിവാദങ്ങളും ഈ കേസിനെ വിടാതെ പിന്തുടരുകയാണ്.
2009 ഓഗസ്റ്റ് 21ന് അര്‍ധരാത്രി ആലപ്പുഴ- ചങ്ങനാശേരി റോഡിലെ പൊങ്ങ ജംഗ്ഷനിലാണു പോള്‍ കൊല്ലപ്പെടുന്നത്. ആലപ്പുഴയില്‍ ക്വട്ടേഷന്‍ നടപ്പാക്കാന്‍ പോകുകയായിരുന്ന പ്രതികള്‍ വഴിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടു പോളുമായി തര്‍ക്കത്തിലായെന്നും തുടര്‍ന്ന് കാറില്‍ നിന്നു പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തി എന്നുമാണു സി.ബി.ഐ കേസ്. പോലീസ് അന്വേഷണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കൊടുവില്‍ 2010 ജനുവരിയിലാണ് പോള്‍ ജോര്‍ജ് വധക്കേസ് ഹൈക്കോടതി സി.ബി.ഐക്കു വിട്ടത്. കേസില്‍ പോളിനൊപ്പം സഞ്ചരിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും സംഭവത്തില്‍ മാപ്പുസാക്ഷികളായിരുന്നു.
വാദങ്ങള്‍ക്ക് ശേഷം 2015 സെപ്റ്റംബറില്‍ കേസിലെ ഒന്‍പതു പ്രതികള്‍ക്കു ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. മറ്റു നാലു പ്രതികള്‍ക്കു മൂന്നു വര്‍ഷം കഠിനതടവും പിഴയുമാണു വിധിച്ചത്. ഇതിനോടനുബന്ധിച്ച ക്വട്ടേഷന്‍ കേസില്‍ 13 പ്രതികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കും മൂന്നു വര്‍ഷം കഠിനതടവും പിഴയും സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്‍. രഘു ശിക്ഷ വിധിച്ചു. പോള്‍ വധക്കേസില്‍ കാരി സതീഷ് അടക്കം ആദ്യ ഒന്‍പതു പ്രതികള്‍ക്കു നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതായി ജഡ്ജി ആര്‍. രഘു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് അംഗീകരിച്ചില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)