അഹമ്മാബാദ്- ഗുജറാത്തിലെ പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ മറുപടി തേടി. ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാണ് പൊതുതാല്‍പര്യ ഹരജി.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് ബിരേന്‍ വൈഷ്ണവ് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം ആവശ്യപ്പെട്ടത്. തനിക്കെതിരെ ഭീഷണിയുണ്ടെന്നും ഹരജി പിന്‍വലിക്കുകയാണെന്നും പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ച ധര്‍മേന്ദ്ര പ്രജാപതി അറിയിച്ചതിനെ തുടര്‍ന്ന് കേസില്‍ കക്ഷിചേരാന്‍ ബജ്‌റംഗ് ദള്‍ നേതാവ് ശക്തിസിന്‍ഹ സാലയെ കോടതി അനുവദിച്ചു.
യഥാര്‍ഥ ഹരജിക്കാരന്‍ ഇല്ലാത്ത സാഹചര്യത്തില്‍ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് സാലയുടെ അഭിഭാഷകന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ആവശ്യപ്പെട്ട ഹൈക്കോടതി കേസ് അടുത്ത മാസം 12 ലേക്ക് നീട്ടിവെച്ചു. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ശബ്ദമലിനീകരണത്തിനു കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാല്‍പര്യ ഹരജി. ദിവസം അഞ്ച് തവണ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് സമീപത്തുള്ളവര്‍ക്ക് വലിയ അസൗകര്യമാണ് സൃഷ്ടിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.