ഗൂഡല്ലൂര്‍-ഒസ്‌കര്‍ പുരസ്‌കാരപ്രഭയില്‍ നീലഗിരി. ഊട്ടി സ്വദേശി കാര്‍ത്തികി ഗോണ്‍ സാല്‍വസും ഗുനീത് മോംഗയും 'ദ എലിഫന്റ് വിസ്പറേഴ്സ്' എന്ന പേരില്‍ ഒരുക്കിയ ഡോക്യുമെന്ററി ഒസ്‌കര്‍ വേദിയില്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ സമ്മാനിതമായതിന്റെ പുളകത്തിലാണ് നീലഗിരി. നീലഗിരിയിലെ മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിലുള്ള തെപ്പക്കാട് ആനവളര്‍ത്തു കേന്ദ്രത്തിലെ രഘു എന്ന കുട്ടിയാനയെ പരിചരിക്കുന്ന ദമ്പതികളുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയതാണ് 'ദ എലിഫന്റ് വിസ്പറേഴ്സ്'.
ഒരു വര്‍ഷം മുമ്പാണ് ഡോക്യുമെന്ററി തയാറാക്കിയത്. ശിഖ്യ എന്‍ര്‍ടെയിന്‍മെന്റ്സ് നിര്‍മിച്ച ഡോക്യുമെന്ററി ഡിസംബറില്‍ നെറ്റ് ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ ആന ഗവേഷകന്‍ ഡോ.ശ്രീധര്‍ വിജയകൃഷ്ണനാണ് ഡോക്യുമെന്ററി സയന്റിഫ്ക് അഡൈ്വസര്‍.
തെപ്പക്കാട് ആനവളര്‍ത്തുകേന്ദ്രത്തിലെ ബൊമ്മനും ഭാര്യ ബെള്ളിയുമാണ് ഡോക്യുമെന്ററിയില്‍ കുട്ടിയാനയ്ക്കൊപ്പം വിശ്വശ്രദ്ധ നേടിയത്. ദമ്പതികളുടെ പരിചരണത്തില്‍ ബാലാരിഷ്ടത പിന്നിട്ട കുട്ടിയാന രഘുവിന് ഇപ്പോള്‍ ആറുവയസുണ്ട്.
മുതുമല വനത്തില്‍ ചതുപ്പില്‍ ദേഹമാസകലം മുറിവേറ്റ നിലയില്‍ കണ്ടെത്തിയ മൂന്നു മാസം പ്രായമുള്ള കുട്ടിയാനയെ വനപാലകര്‍ ബെള്ളി-ബൊമ്മന്‍ ദമ്പതികളെ ഏല്‍പ്പിക്കുകയായിരുന്നു. 2017 മെയ് 26നാണ് കുട്ടിയാനയെ ചതുപ്പില്‍നിന്നു രക്ഷപ്പെടുത്തി ആനവളര്‍ത്തുകേന്ദ്രത്തില്‍ എത്തിച്ചത്. അന്നുമുതല്‍ ബെള്ളിയുടെയും ബൊമ്മന്റെയും പരിചരണത്തിനും ശിക്ഷണത്തിലുമാണ് രഘു. കുട്ടിയാനയുടെ തള്ളയെ വനസേന കാട്ടില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
സ്വന്തം കുഞ്ഞിനെയെന്നോണമാണ് രഘുവിനെ പരിചരിക്കുന്നതെന്നു ബെള്ളി പറയുന്നു. ബൊമ്മിയെന്ന കുട്ടിയാനയും ദമ്പതികളുടെ പരിചരണയിലുണ്ട്. മറ്റാരെങ്കിലും കൊടുക്കുന്ന തീറ്റ പലപ്പോഴും രഘു എടുക്കില്ല. പോറ്റമ്മ വിളമ്പുന്ന ഭക്ഷണത്തിലാണ് പ്രിയം.
ഡോക്യുമെന്റിക്ക് ഒസ്‌കര്‍ പുരസ്‌കാരം ലഭിച്ചതിന്റെ ആനന്ദത്തിലാണ് 82കാരിയായ ബെള്ളി. ആദിവാസികളായ തങ്ങളെ വലിയ ആളുകളടക്കം അഭിനന്ദിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ബെള്ളിയും ബൊമ്മനും പറഞ്ഞു. രഘുവുമായി ആത്മബന്ധമാണുള്ളതെന്നും 'വളര്‍ത്തുമകനെ' കാണാതെ ഒരു ദിവസം പോലും കഴിയാനാകില്ലെന്നും
ബെള്ളി പറയുന്നു.
പടം-മുതുമല------
ബൊമ്മനും ബെള്ളിയും രഘുവിനൊപ്പം നീലഗിരിയിലെ തെപ്പക്കാട് ആനവളര്‍ത്തുകേന്ദ്രത്തില്‍.